< Back
India
മംഗളൂരു മഹാദേശ്വര കുന്നിൽ പുലിയുടെ ആക്രമണം; തീർഥാടകന്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട പ്രവീണ്‍

India

മംഗളൂരു മഹാദേശ്വര കുന്നിൽ പുലിയുടെ ആക്രമണം; തീർഥാടകന്‍ കൊല്ലപ്പെട്ടു

റിഷാദ് അലി
|
21 Jan 2026 6:15 PM IST

മാലെ മഹാദേശ്വര കുന്ന് കയറുകയായിരുന്ന നാലംഗ തീർഥാടക സംഘത്തിലെ പ്രവീണാണ്(30) മരിച്ചത്. മാണ്ഡ്യ ജില്ലയിൽ ചീരനഹള്ളി സ്വദേശിയാണ്

മംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ തീർഥാടകനായ യുവാവ് കൊല്ലപ്പെട്ടു. ചാമരാജനഗര ജില്ലയിലെ താലുബെട്ട വനമേഖലയിലാണ് സംഭവം. മാലെ മഹാദേശ്വര കുന്ന് കയറുകയായിരുന്ന നാലംഗ തീർഥാടക സംഘത്തിലെ പ്രവീണാണ്(30) മരിച്ചത്. മാണ്ഡ്യ ജില്ലയിലെ ചീരനഹള്ളി സ്വദേശിയാണ്.

കാൽനടയായി യാത്ര ആരംഭിച്ച സംഘം, മാലെ മഹാദേശ്വര കുന്നിന് സമീപം റോഡരികിലൂടെ നടക്കുമ്പോഴാണ് ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായത്. ദുരന്തം അറിഞ്ഞ് പൊലീസ് സേനകൾ തെരച്ചിൽ നടത്തുമ്പോൾ പുലി മൃതദേഹത്തിനരികിലുണ്ടായിരുന്നു. റോഡരികിലെ സംരക്ഷണ ഭിത്തിയിൽ പുള്ളിപ്പുലി ഇരിക്കുന്നത് കണ്ട തീർത്ഥാടകർ ഓടി രക്ഷപ്പെട്ടെങ്കിലും പ്രവീണിനെ കണ്ടില്ല.

പിന്നീട് യുവാവിനെ അവസാനമായി കണ്ട സ്ഥലത്തിന് സമീപം രക്തക്കറകൾ കാണുന്നുണ്ടെന്ന് കൂട്ടാളികൾ അധികൃതരെ വിവരമറിയിച്ചു, തെരച്ചിൽ നടത്തിയെങ്കിലും സമീപ പ്രദേശങ്ങളിൽ പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചിൽ ആരംഭിച്ചു. വനത്തിനുള്ളിലെ മലയിടുക്കിൽ പ്രവീണിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഒരു കിലോമീറ്ററോളം കാട്ടിലേക്ക് വലിച്ചിഴച്ച നിലയിലായിരുന്നു.

വനം ജീവനക്കാരുടെയും പൊലീസിന്റെയും പക്കൽ ആയുധങ്ങളില്ലാത്തതിനാല്‍ വൈകിയാണ് മൃതദേഹം പുറത്തെടുത്തത്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രവീൺ വീണതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വനം അധികൃതർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അതേസമയം പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുണ്ട്. പ്രദേശത്ത് പുള്ളിപ്പുലിയുടെ സഞ്ചാരം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

Similar Posts