< Back
India
child marriage
India

ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000-2500 രൂപ സ്റ്റൈപന്‍ഡുമായി അസം സര്‍ക്കാര്‍

Web Desk
|
9 Aug 2024 10:10 AM IST

'നിജുത് മൊയ്‌ന' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള ക്രിയാത്മക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു

ദിസ്പൂര്‍: ശൈശവ വിവാഹങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ പെണ്‍കുട്ടികള്‍ക്ക് ധനസഹായവുമായി അസം സര്‍ക്കാര്‍. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ ഹയർസെക്കൻഡറി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പെൺകുട്ടികൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിക്കാണ് അസം സര്‍ക്കാര്‍ വ്യാഴാഴ്ച തുടക്കം കുറിച്ചത്.

'നിജുത് മൊയ്‌ന' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള ക്രിയാത്മക ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബാല വിവാഹവുമായി ബന്ധപ്പെട്ട് 4,000 ത്തിലധികം പേരെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനു ശേഷമാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതി സാർവത്രികമാകുമെന്നും ഇത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് സ്വമേധയാ ഇതിൽ നിന്ന് ഒഴിവാകാമെന്നും ഹിമന്ത പറഞ്ഞു. പദ്ധതി പ്രകാരം അധ്യയന വർഷത്തിലെ 10 മാസത്തേക്ക് വിദ്യാര്‍ഥിനികള്‍ക്ക് സാമ്പത്തിക സഹായം നൽകും.ഹയർസെക്കൻഡറി വിഭാഗത്തിലെ ഒരു വിദ്യാർഥിക്ക് 10 മാസത്തേക്ക് എല്ലാ മാസവും 1000 രൂപ വീതം ലഭിക്കും. ബിരുദതലത്തിലുള്ള ഒരു വിദ്യാർഥിക്ക് പ്രതിമാസ തുക 1,250 രൂപയും ബിരുദാനന്തര തലത്തിലുള്ള വിദ്യാർഥിക്ക് 10 മാസത്തേക്ക് എല്ലാ മാസവും 2,500 രൂപയും ലഭിക്കും.

തുടക്കത്തില്‍ പദ്ധതിയുടെ പ്രയോജനം ആദ്യവര്‍ഷം മാത്രമായിരിക്കും ലഭിക്കുക. തുടര്‍ന്ന് നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയില്‍ തുടരാം. വിദ്യാര്‍ഥിനിയുടെ ഹാജര്‍ നില, സ്വഭാവം എന്നിവ പരിഗണിച്ചുകൊണ്ടായിരിക്കും പദ്ധതി പ്രകാരം ധനസഹായം ലഭിക്കുക. വിവാഹിതരായ പെൺകുട്ടികൾക്കും മന്ത്രിമാരുടെയും എംഎൽഎമാരുടെയും എംപിമാരുടെയും പെൺമക്കൾക്കും പദ്ധതി ബാധകമല്ല. സംസ്ഥാന സർക്കാരിൽ നിന്ന് സ്‌കൂട്ടറുകൾ സ്വീകരിച്ചവര്‍ക്കും ധനസഹായം ലഭിക്കില്ല. '' 2019-21ലെ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അസമില്‍ 31.8 ശതമാനം പെൺകുട്ടികൾ 20-24 വയസിനിടയിൽ അമ്മമാരായി. ഇവരുടെ വിവാഹം 18 വയസിനു മുന്‍പ് നടന്നുവെന്നാണ് ഇതിനര്‍ഥം. 30 ശതമാനം പെണ്‍കുട്ടികളും 18നും 21നും വയസിനിടയില്‍ വിവാഹിതരാകുന്നു. തല്‍ഫലമായി അവർക്ക് പോഷകാഹാരവും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയും ഗാർഹിക പീഡനത്തിന് ഇരയാകുകയും ചെയ്യുന്നു'' ഹിമന്ത പറഞ്ഞു. ശൈശവ വിവാഹം ഏറ്റവും കൂടുതൽ നടക്കുന്നത് സെൻട്രൽ, ലോവർ അസമിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts