
ഒഡീഷയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1.1 കോടി ഇനാം പ്രഖ്യാപിച്ചിരുന്ന ഗണേഷ് ഉയികെ കൊല്ലപ്പെട്ടു
|വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ
ഭുവനേശ്വര്‍: ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ (67) അടക്കമുള്ളവർ കൊല്ലപ്പെട്ടു.
തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഉയികെ എന്ന് പൊലീസ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ബിഎസ്എഫും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗണേഷ് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോവാദികളിൽ രണ്ടുപേർ സ്ത്രീകളാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സിപിഐ മാവോയിസ്റ്റിന്റെ ഒഡിഷയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നയാളാണ് ഗണേഷ് ഉയ്‌ക്കേ. വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റിയിൽ അവശേഷിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾകൂടിയാണ് ഗണേഷ്.