
സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി കേശവ റാവുവിനെ വധിച്ച് സുരക്ഷ സേന
|ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുളിൽ കൊലപ്പെട്ടുവെന്ന് സുരക്ഷ സേനയായ ജില്ല റിസർവ് ഗാർഡ് പൊലീസ് വ്യക്തമാക്കി
റായ്പൂർ: മാവോവാദി നേതാവും സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബസവ രാജു എന്ന നമ്പാല കേശവ റാവുവിനെ വധിച്ചു. ഏറ്റുമുട്ടലിൽ മാവോവാദി ഉന്നത നേതാവടക്കം 27 പേർ രണ്ട് ദിവസത്തിനുളിൽ കൊലപ്പെട്ടുവെന്ന് സുരക്ഷ സേനയായ ജില്ല റിസർവ് ഗാർഡ് പൊലീസ് വ്യക്തമാക്കി. റിസർവ് ഗാർഡിലെ ഒരു ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ദേശീയ അന്വേഷണ ഏജൻസി രണ്ട് കോടി രൂപ തലക്ക് വിലയിട്ടിരുന്ന ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായി കേശവറാവുവിന് 70 വയസായിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ കേശവറാവുവിനെ 2018 ലാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. നക്സലിസം തുടച്ചു നീക്കുന്നതിലെ നാഴികക്കല്ലായ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ വ്യക്തമാക്കി. ജനറൽ സെക്രട്ടറി തലത്തിലുള്ള നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 31 നകം മാവോവാദികളെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ച അദ്ദേഹം സുരക്ഷ സേനയെ അഭിനന്ദിക്കുകയും ചെയ്തു.
സിപിഐ മാവോയിസ്റ്റിലെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അഭുജ്മാഡ് വനപ്രദേശത്തുണ്ടെന്ന രഹസ്യവിവരത്തെതുടർന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ വനപ്രദേശം വളഞ്ഞത്. 2010 ൽ 75 സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ബസവ രാജുവാണെന്ന് അധികൃതർ വിശദീകരിച്ചു.