< Back
India
കനത്ത മൂടല്‍മഞ്ഞില്‍ താജ്മഹല്‍ അപ്രത്യക്ഷം, കൊടുംതണുപ്പിൽ വലഞ്ഞ് ഉത്തരേന്ത്യ; സഞ്ചാരികള്‍ക്ക് നിരാശയോടെ മടക്കം
India

കനത്ത മൂടല്‍മഞ്ഞില്‍ താജ്മഹല്‍ അപ്രത്യക്ഷം, കൊടുംതണുപ്പിൽ വലഞ്ഞ് ഉത്തരേന്ത്യ; സഞ്ചാരികള്‍ക്ക് നിരാശയോടെ മടക്കം

Web Desk
|
20 Dec 2025 4:39 PM IST

കനത്ത മൂടല്‍മഞ്ഞും തണുപ്പും കാരണം ആഗ്രാ ജില്ലാ ഭരണകൂടം സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ അപ്രത്യക്ഷമായി ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍. കനത്ത മൂടല്‍മഞ്ഞിനോടൊപ്പം സമീപനാളുകളില്‍ തുടരുന്ന പുകശല്യവും കൂടിയായതോടെ താജ്മഹല്‍ കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. മൂടല്‍മഞ്ഞ് വ്യാപകമായതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്മഹല്‍ പൂര്‍ണമായും മറഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വിനോദസഞ്ചാരികള്‍ പകര്‍ത്തിയ വീഡിയോയില്‍, കനത്ത മേഘപ്പാളികള്‍ പ്രദേശത്തെ ഒന്നടങ്കം വിഴുങ്ങിക്കളഞ്ഞതായും സ്മാരകം അവ്യക്തമായി തുടരുന്നതയും കാണാം. താജ്മഹല്‍ അവ്യക്തമായതോടെ ഒരു നോക്ക് പോലും കാണാനാകാതെ നിരാശരായ മടങ്ങുകയാണ് പ്രദേശവാസികളും സഞ്ചാരികളും.

സഞ്ചാരികള്‍ പങ്കുവെച്ച വീഡിയോക്ക് പ്രതികരണവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. 'ലോകാത്ഭുതത്തിന് മേല്‍ നോര്‍ത്ത് ഇന്ത്യന്‍ ശൈത്യകാലം വിഎഫ്എക്‌സ് തീര്‍ത്തിരിക്കുന്നുവെന്നാണ് ഒരാളുടെ പ്രതികരണം'. 'താജ്മഹല്‍ താന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും ഇത് താജ്മഹലാണോ അതോ ഫോഗ് മഹലാണോയെന്ന് മനസിലാകുന്നില്ല'. മറ്റൊരാള്‍ പറഞ്ഞു.

കനത്ത മൂടല്‍മഞ്ഞും തണുപ്പും കാരണം ആഗ്രാ ജില്ലാ ഭരണകൂടം സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 20 മുതല്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെയാകും പ്രവര്‍ത്തിക്കുക. മൂടല്‍മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar Posts