< Back
India
ഗതാഗത നിയമലംഘനം: 10 മാസത്തിൽ ഈ ഇന്ത്യൻ നഗരത്തിലെ പിഴ 207 കോടി രൂപ
India

ഗതാഗത നിയമലംഘനം: 10 മാസത്തിൽ ഈ ഇന്ത്യൻ നഗരത്തിലെ പിഴ 207 കോടി രൂപ

Web Desk
|
17 Nov 2025 1:10 PM IST

51.8 ലക്ഷം നിയമലംഘന കേസുകളിൽനിന്നായിട്ടാണ് 207 കോടി രൂപ പിഴ ലഭിച്ചിട്ടുള്ളത്

ബം​ഗളൂരു: 10 മാസത്തിനിടയിൽ ബംഗളൂരു നഗരത്തിൽ ഗതാഗത നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 200 കോടി രൂപയിലേറെ. 207.35 കോടി രൂപയാണ് ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പിഴയായി ലഭിച്ചത്.

മണികൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 82.9 ലക്ഷം കേസുകളിൽ നിന്നായി ആകെ പിഴ പിരിവ് 84.91 കോടി ആയിരുന്നു. ഈ പിഴത്തുകയാണ് ഇത്തവണ ഇരട്ടിയിലധികമായിരിക്കുന്നത്. കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നതിന് ഇളവ് നൽകിയതാണ് പിഴ ശേഖരണത്തിൽ കുതിപ്പിന് കാരണം. പഴയ കുടിശ്ശികകൾ അടയ്ക്കാൻ നിരവധി ആളുകളെ ഈ സംരംഭം പ്രോത്സാഹിപ്പിച്ചതായി ജോയിന്റ് പൊലീസ് കമ്മീഷണർ (ട്രാഫിക്) കാർത്തിക് റെഡ്ഡി പറഞ്ഞു.

ഇളവ് അനുവദിച്ച ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെ 106 കോടി രൂപയാണ് പിഴയായി ലഭിച്ചത്. 3.86 ലക്ഷം കേസുകൾ പിഴയീടാക്കി തീർപ്പാക്കുകയും ചെയ്തു. 10 മാസത്തിൽ 51.8 ലക്ഷം നിയമലംഘന കേസുകളിൽനിന്നായിട്ടാണ് 207 കോടി രൂപ പിഴ ലഭിച്ചിട്ടുള്ളത്.

ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 15.85 ലക്ഷം കേസുകളും പിൻസീറ്റ് യാത്രക്കാർക്ക് 8.71 ലക്ഷം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷം രേഖപ്പെടുത്തിയ നിയമലംഘനങ്ങളിൽ പകുതിയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് (5.46 ലക്ഷം). അലക്ഷ്യമായ പാർക്കിങ് (7.11 ലക്ഷം), സിഗ്നലുകൾ തെറ്റിക്കുക (5.11 ലക്ഷം) എന്നിവയാണ് മുൻപന്തിയിലുള്ള മറ്റ് നിയമലംഘനങ്ങൾ.

Similar Posts