< Back
India
സ്വന്തം രാജ്യത്ത് പൗരൻമാര്‍ മരിച്ചുവീഴുമ്പോൾ പ്രധാന സേവകൻ വിദേശത്ത് ക്യാമറകൾക്ക്  പോസ് ചെയ്യുന്ന തിരക്കിൽ; മോദിയെ കടന്നാക്രമിച്ച് ടിഎംസി
India

'സ്വന്തം രാജ്യത്ത് പൗരൻമാര്‍ മരിച്ചുവീഴുമ്പോൾ പ്രധാന സേവകൻ വിദേശത്ത് ക്യാമറകൾക്ക് പോസ് ചെയ്യുന്ന തിരക്കിൽ'; മോദിയെ കടന്നാക്രമിച്ച് ടിഎംസി

Web Desk
|
11 Nov 2025 1:55 PM IST

ഒരു തരി മനസ്സാക്ഷിയെങ്കിലും ഉള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ സ്ഥാനമൊഴിഞ്ഞിരിക്കും

കൊൽക്കത്ത: ഡൽഹിയിലെ ചെങ്കോട്ട മെട്രാ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ്. സ്വന്തം വീട്ടിൽ പൗരൻമാര്‍ മരിച്ചു വീഴുമ്പോൾ വിദേശ മണ്ണിൽ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് ടിഎംസി എക്സിൽ കുറിച്ചു. ഒരു തരി മനസ്സാക്ഷിയെങ്കിലും ഉള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ സ്ഥാനമൊഴിഞ്ഞിരിക്കുമെന്നും ടിഎംസി കുറ്റപ്പെടുത്തി.

''പുൽവാമ, പഹൽഗാം. ഇപ്പോൾ ദേശീയ തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് ഒരു ബോംബ് സ്ഫോടനം. ഓരോ തവണയും, രാജ്യം രക്തം വാര്‍ത്തുകൊണ്ടിരിക്കുന്നു. ഓരോ തവണയും ഒരേ മനുഷ്യൻ, @അമിത്ഷാ ഒന്നും സംഭവിക്കാത്തതുപോലെ ഒരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്നു. ഒരു തരി മനസ്സാക്ഷിയെങ്കിലും ഉള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ സ്ഥാനമൊഴിഞ്ഞിരിക്കും. എന്നാൽ പശ്ചാത്താപവും ഉത്തരവാദിത്തവും ഈ ഭരണകൂടത്തിന് അന്യമാണ്.

'പ്രധാന സേവക'നെ സംബന്ധിച്ചിടത്തോളം, @നരേന്ദ്രമോദി സ്വന്തം വീട്ടിൽ പൗരൻമാര്‍ മരിച്ചു വീഴുമ്പോൾ വിദേശ മണ്ണിൽ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ്. ഓരോ സ്ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ടപ്പെടുന്ന ഓരോ നിരപരാധിയുടെ ജീവനും ദേശീയ സുരക്ഷയുടെ പൂർണമായ തകർച്ചയെ തുറന്നുകാട്ടുന്നു'' ടിഎംസി കുറിച്ചു.

ഇന്നലെ വൈകിട്ട് നടന്ന സ്ഫോടനത്തിൽ ഇതുവരെ 12 പേർക്കാണ് ജീവൻ നഷ്ടമായത്. 20ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും.ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ സുരക്ഷാ അവലോകന യോഗം ചേർന്നു.

Similar Posts