
'55 മിനുറ്റ് സംസാരിച്ചു, ഒരു ചോദ്യത്തിനും മറുപടിയില്ല': തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിൽ പ്രതികരണവുമായി തൃണമൂൽ എംപിമാർ
|"തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയുടെ അവസാനം, ഞാൻ പറഞ്ഞു, നിങ്ങൾ 50 അല്ലെങ്കിൽ 55 മിനിറ്റ് സംസാരിച്ചു, പക്ഷേ ഞങ്ങളുടെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് പോലും ഉത്തരം നൽകിയില്ല''
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. എസ്ഐആറുമായി ബന്ധപ്പെട്ട് ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വെള്ളിയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. ഇതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിമര്‍ശനം.
യോഗത്തിൽ ടിഎംസി പ്രതിനിധി സംഘം ഉന്നയിച്ച പ്രധാന ചോദ്യങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറിയെന്നും ചർച്ചയുടെ പൂർണ്ണമായ ട്രാൻസ്ക്രിപ്റ്റ് പുറത്തുവിടാൻ പോൾ പാനലിനോട് ആവശ്യപ്പെട്ടെന്നും ഡെറിക് ഒബ്രിയൻ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംഘം മുന്നോട്ടുവച്ച അഞ്ച് പ്രത്യേക ചോദ്യങ്ങളിൽ ഒന്നിന് പോലും കമ്മീഷൻ ഉത്തരം നൽകിയില്ലെന്നും രാജ്യസഭാ എംപികൂടിയായ ഡെറിക് ഒബ്രിയൻ വ്യക്തമാക്കി.
"തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയുടെ അവസാനം, ഞാൻ പറഞ്ഞു, നിങ്ങൾ 50 അല്ലെങ്കിൽ 55 മിനിറ്റ് സംസാരിച്ചു, പക്ഷേ ഞങ്ങളുടെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് പോലും ഉത്തരം നൽകിയില്ല''- ഡെറിക് ഒബ്രിയൻ പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങൾ ഇന്നലത്തെ യോഗത്തിന്റെ ട്രാൻസ്ക്രിപ്റ്റ് പുറത്തുവിടാത്തത്? തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ മുഴുവൻ സംഘത്തെയും നിങ്ങൾ കുറ്റപ്പെടുത്തുകയാണ്''- ഡെറിക് ഒബ്രിയൻ വ്യക്തമാക്കി. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ)ക്കിടയിലെ മരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10 അംഗ ടിഎംസി പ്രതിനിധി സംഘമാണ് ഡൽഹിയിലെ നിർവാചൻ സദനിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബെഞ്ചുമായി കൂടിക്കാഴ്ച നടത്തിയത്. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 40 പേർ മരിച്ച സംഭവമാണ് ടിഎംസി പ്രധാനമായും ഉന്നയിച്ചത്. രാജ്യസഭാ എംപിമാരായ ദോല സേന, സാകേത് ഗോഖലെ, മമത താക്കൂർ, മഹുവ മൊയ്ത്ര എന്നിവരും യോഗത്തിലും പത്രസമ്മേളനത്തിലും പങ്കെടുത്തു. മരണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്ന് പറഞ്ഞ് കമ്മീഷൻ തള്ളിക്കളഞ്ഞതായി ലോക്‌സഭാ എം.പി മഹുവ മൊയ്ത്ര പറഞ്ഞു.