
ചാരക്കേസിൽ പിടിക്കപ്പെട്ട യൂട്യൂബർ ജ്യോതി മൽഹോത്ര രാഹുൽ ഗാന്ധിയോടൊപ്പം? വൈറൽ ചിത്രത്തിന് പിന്നിലെ വസ്തുത അറിയാം
|നിരവധി വസ്തുതാന്വേഷണ പോർട്ടലുകൾ ഫോട്ടോ പരിശോധിച്ച് വ്യാജമായി നിർമ്മിച്ചതാണെന്ന നിഗമനത്തിലെത്തി
ന്യൂഡൽഹി: പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു. 'രാഹുൽ ഗാന്ധി കുപ്രസിദ്ധ യൂട്യൂബർ ജ്യോതി മൽഹോത്രയ്‌ക്കൊപ്പം!' എന്ന് എഴുതിയ ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിച്ചത്. തുടർന്ന് വലതുപക്ഷ ഹാൻഡിലുകൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധി അദിതി സിങ്ങിനൊപ്പം (2017)
എന്നാൽ 2017-2018 കാലഘട്ടത്തിൽ കോൺഗ്രസ് നേതാവും ഇന്ന് ബിജെപിയുടെ റായ്ബറേലി എംഎൽഎയുമായ അദിതി സിങ് രാഹുൽ ഗാന്ധിയോടൊപ്പമുള്ള ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് ഗൂഗിളിൽ തിരഞ്ഞാൽ ബോധ്യപ്പെടും. അദിതി സിങ്ങിനോടപ്പുമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം അന്ന് നിരവധി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കൗതുകമെന്തെന്നാൽ ജ്യോതി മൽഹോത്ര തന്റെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ അദിതി സിങ്ങിനൊപ്പമുള്ള രാഹുലിന്റെ ഫോട്ടോ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
2017ൽ അദിതി സിംഗ് ഇതേ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി വസ്തുതാന്വേഷണ പോർട്ടലുകൾ ഫോട്ടോ പരിശോധിച്ച് ഇത് വ്യാജമായി നിർമ്മിച്ചതാണെന്ന നിഗമനത്തിലെത്തുന്നു. ഹരിയാന പോലീസിന്റെ കസ്റ്റഡിയിലുള്ള യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്‌സിന് (പിഐഒ) തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് അന്വേഷണം നേരിടുകയാണ്. അന്വേഷണത്തിനിടെ പതിവ് വിദേശ യാത്രകൾ, പാകിസ്താനിലെ വ്‌ളോഗുകൾ, പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുമായുള്ള ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സൂചനകൾ പുറത്തുവന്നിട്ടുണ്ട്.