
ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യാത്രക്കാരനെ വലിച്ചിഴച്ച് ഭീഷണിപ്പെടുത്തി ടിടിഇമാര്‍; വീഡിയോക്ക് വിമര്‍ശനം
|ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു യുവാവിനെ രണ്ട് ടിക്കറ്റ് എക്സാമിനർ (ടിടിഇ) ബലമായി വലിച്ചിഴച്ച് ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്
മുംബൈ: ട്രെയിനിൽ ടിക്കറ്റിലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. ഇങ്ങനെ യാത്ര ചെയ്താൽ സാധാരണയായി പിഴ ചുമത്തുകയാണ് പതിവ്. എന്നാൽ മുംബൈയിലെ തിരക്കേറിയ ഒരു റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ഈ വീഡിയോ റെയിൽവെ ജീവനക്കാരുടെ പെരുമാറ്റം, യാത്രക്കാരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചും ചോദ്യവും ആശങ്കയുമുയര്‍ത്തുകയാണ്.
ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു യുവാവിനെ രണ്ട് ടിക്കറ്റ് എക്സാമിനർ (ടിടിഇ) ബലമായി വലിച്ചിഴച്ച് ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. lafdavlog എന്ന ഉപയോക്താവാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ടിടിഇ യുവാവിന്‍റെ കോളറിൽ പിടിച്ച് പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴക്കുകയാണ്. യാത്രക്കാരൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ടിടിഇ ഇത് ശ്രദ്ധിക്കുന്നില്ല. ഈ സമയം കൂടെയുണ്ടായിരുന്ന വനിത ടിടിഇ യുവാവിന്‍റെ ബാഗിൽ പിടിച്ചുവലിക്കുകയാണ്.
"ശരിയായ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് തെറ്റാണ് എന്നാൽ ഒരു കുറ്റകൃത്യമല്ല. നിയമപ്രകാരം പിഴ ചുമത്താവുന്നതാണെങ്കിലും, അത്തരമൊരു ലംഘനത്തിന് ആരും ആക്രമിക്കപ്പെടാനോ അപമാനിക്കപ്പെടാനോ പാടില്ല" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ഉപയോക്താക്കളാണ് ടിടിഇക്കെതിരെ രംഗത്തെത്തിയത്. ഇയാളെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഒപ്പം റെയിൽവെയെ ടാഗ് ചെയ്തിട്ടുമുണ്ട്.