< Back
India
Bhupinder Singh
India

യൂക്കാലിപ്റ്റസ് മരങ്ങളെച്ചൊല്ലി തർക്കം; ടെലിവിഷൻ താരത്തിന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

Web Desk
|
7 Dec 2023 1:58 PM IST

സംഭവത്തില്‍ നടനെയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബിജ്നോറിൽ യൂക്കാലിപ്റ്റസ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ടെലിവിഷൻ താരത്തിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. 22 കാരനായ ഗോവിന്ദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നടനായ ഭൂപീന്ദർ സിംഗ് അറസ്റ്റിലായിട്ടുണ്ട്.'യേ പ്യാർ ന ഹോഗാ കാം', 'മധുബാല' തുടങ്ങിയ ജനപ്രിയ ടിവി ഷോകളിൽ ഭൂപീന്ദർ സിംഗ് അഭിനയിച്ചിട്ടുണ്ട്.

ഭൂപീന്ദർ സിംഗ് ബിജ്നോറിലെ കൃഷിയിടത്തിന് സമീപം വേലി സ്ഥാപിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയാളുടെ കൃഷിയിടത്തിന് തൊട്ടടുത്താണ് കൊല്ലപ്പെട്ട ഗോവിന്ദിന്റെ പിതാവായ ഗുർദീപ് സിംഗിന്റെ കൃഷിഭൂമി. വേലി സ്ഥാപിക്കാൻ ഏതാനും യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചുമാറ്റാൻ ഭൂപീന്ദർ തീരുമാനിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ചെറിയ വാക്കു തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് ഭൂപീന്ദറും മൂന്ന് കൂട്ടാളികളും ഗുർദീപ് സിംഗിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചു. ഭൂപീന്ദർ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഗുർദീപ് സിങ്ങിന്റെ മകനായ ഗോവിന്ദ് കൊല്ലപ്പെട്ടു. മറ്റൊരു മകനായ അമ്രിക്കിനും ഭാര്യ ബീറോ ബായിക്കും പരിക്കേൽക്കുകയും ചെയ്തു. മൂവരും ഇപ്പോൾ ചികിത്സയിലാണ്.

കൊലപാതകം, കൊലപാതകശ്രമം, സ്വമേധയാ മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഭൂപീന്ദറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയുധ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇയാളുടെ കൂട്ടാളികളായ ഗ്യാൻ സിംഗ്, ജീവൻ സിംഗ്, ഗുർജന്ത് സിംഗ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Similar Posts