< Back
India
എസ്‌ഐആറിനെതിരെ ടിവികെയും: തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനം
India

എസ്‌ഐആറിനെതിരെ ടിവികെയും: തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനം

Web Desk
|
16 Nov 2025 10:11 PM IST

രാജ്യത്തെ തീവ്രവോട്ടർപട്ടിക പരിഷ്കരണം ലക്ഷക്കണക്കിന് സാധാരണക്കാർക്ക് വോട്ടവകാശം നഷ്ടമാകാൻ കാരണമായേക്കുമെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു

ചെന്നൈ: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (SIR) പ്രതിഷേധവുമായി വിജയിയുടെ ടിവികെയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടി നടന്നു.

ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദും മുതിർന്ന നേതാവ് അധവ് അർജുനയും ചെന്നൈയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ജോയിന്റ് ജനറൽ സെക്രട്ടറി സിടിആർ നിർമ്മൽകുമാർ ഉൾപ്പെടെയുള്ളവർ മധുരയിലും പ്രചാരണ സെക്രട്ടറി കെജി അരുൺരാജ് കോയമ്പത്തൂരിലും പങ്കെടുത്തു.

കരൂർ ദുരന്തത്തിനുശേഷം ടിവികെ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് ഇത്. ദുരന്തത്തിന് പിന്നാലെ ടിവികെ വിജയിയുമായി അടുക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് ബിജെപിയുടെ എതിര്‍പ്പിനിടയാക്കുന്ന വിഷയത്തില്‍ വിജയ് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്. ഇതോടെ തമിഴ്നാട്ടില്‍ ബിജെപിയും അണ്ണാ ഡിഎംകെയും ഒഴികെ പ്രമുഖ പാര്‍ട്ടികളെല്ലാം എസ്ഐആറില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

രാജ്യത്തെ തീവ്രവോട്ടർപട്ടിക പരിഷ്കരണം ലക്ഷക്കണക്കിന് സാധാരണക്കാർക്ക് വോട്ടവകാശം നഷ്ടമാകാൻ കാരണമായേക്കുമെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് പാർട്ടി എസ്‌ഐആറിനെ എതിർക്കുന്നതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

എസ്‌ഐആർ നിർത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ മുന്നണിയുടെ ആഭിമുഖ്യത്തിൽ നവംബർ 11-ന് സംസ്ഥാനവ്യാപകമായി പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. ഡിഎംകെയുടെയും കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ തുടങ്ങിയ സഖ്യകക്ഷികളുടെയും നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Related Tags :
Similar Posts