< Back
India
അനുമതി വൈകുന്നു: വിജയ്ക്ക് പുതുച്ചേരിയിലും റാലി നടത്താനാവില്ല
India

'അനുമതി വൈകുന്നു': വിജയ്ക്ക് പുതുച്ചേരിയിലും റാലി നടത്താനാവില്ല

Web Desk
|
30 Nov 2025 10:59 AM IST

ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചർച്ച ചെയ്തതിനുശേഷം മാത്രമേ സർക്കാർ തീരുമാനമെടുക്കൂ എന്നാണ് മുഖ്യമന്ത്രി എൻ. രംഗസാമി പറഞ്ഞത്

ചെന്നൈ: പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. 26ന് കൊടുത്ത അപേക്ഷയില്‍ ഇപ്പോഴും തീരുമാനമായില്ല.

ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചർച്ച ചെയ്തതിനുശേഷം മാത്രമേ സർക്കാർ തീരുമാനമെടുക്കൂ എന്നാണ് മുഖ്യമന്ത്രി എൻ. രംഗസാമി പറഞ്ഞത്. ഡിസംബര്‍ അഞ്ചിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. അതേസമയം അനുമതി നിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

കാലാപേട്ടിൽ നിന്ന് കണ്ണിയകോവിലിലേക്ക് റോഡ് ഷോ നടത്തുന്നതിനും സോനാംപാളയം വാട്ടർ ടാങ്കിന് സമീപം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമാണ് ടിവികെ അനുമതി തേടിയത്.

കരൂര്‍ ദുരന്തത്തിന് പിന്നാലെ സൂക്ഷ്മമായാണ് വിജയുടെ റാലിക്കുള്ള അനുമതി പരിശോധിക്കുന്നത്. സെപ്റ്റംബർ 27ന് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിനുശേഷം വിജയ് ബഹുജനറാലികൾ നടത്തിയിട്ടില്ല. തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങള്‍ മറികടക്കുന്നതിനാണ് ടിവികെ റാലികള്‍ പുതുച്ചേരിയിലേക്ക് മാറ്റുന്നത്. എന്നാല്‍ അവിടെയും കാര്യങ്ങള്‍ അനുകൂലമല്ല.

കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡ കഴകം എന്ന സംഘടന പൊലീസിനെ സമീപിച്ചു. റാലികൾക്കു അനുമതി തേടി ടിവികെ നൽകിയ ഹർജി മ​ദ്രാസ് ഹൈക്കോടതിയുടെ പരി​ഗണനയിലാണെന്നു സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.

Similar Posts