< Back
India
ട്വിറ്റര്‍ പക്ഷിയെ ഫ്രൈ ചെയ്ത കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍
India

'ട്വിറ്റര്‍ പക്ഷി'യെ ഫ്രൈ ചെയ്ത കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍

Web Desk
|
24 Aug 2021 1:39 PM IST

പക്ഷിയെ ഫ്രൈ ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. 'ട്വിറ്റര്‍ പക്ഷി'യെ ഫ്രൈ ചെയ്ത് പ്രതിഷേധിച്ച പ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. ഫ്രൈ ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

ആന്ധ്ര പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജി.വി ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് പക്ഷിയെ ഫ്രൈ ചെയ്ത് ട്വിറ്ററിനെതിരെ പ്രതിഷേധിച്ചത്. ട്വിറ്റര്‍ ലോഗോയിലുള്ള പക്ഷിയെയാണ് പൊരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെടുകയുണ്ടായി. ട്വിറ്റര്‍ പക്ഷിയെന്ന് പറഞ്ഞ് ചത്ത കാടപ്പക്ഷിയെയാണ് സംഘം എണ്ണയില്‍ വറുത്തെടുത്തത്. പൊരിച്ച പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

കോണ്‍ഗ്രസ് മുന്‍ എംപി ജി.വി ഹര്‍ഷകുമാറിന്‍റെ മകനാണ് ജി.വി ശ്രീരാജ്. പക്ഷിയെ വറുത്തെടുത്ത് നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടായി. കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി പറയാന്‍ തയ്യാറെടുത്ത ശ്രീരാജിനെ തേടിയെത്തിയത് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തെന്ന കത്താണ്. ട്വിറ്റര്‍ പക്ഷിയെന്ന പേരില്‍ പക്ഷിയെ ഉപദ്രവിച്ചത് ശരിയായില്ലെന്ന് നേതൃത്വം കത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രതിച്ഛായ തകര്‍ക്കുന്ന നീക്കമാണ് ശ്രീരാജില്‍ നിന്നുമുണ്ടായതെന്നും നേതൃത്വം വിമര്‍ശിച്ചു.

'സജീവ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയാലോ എന്ന് ആലോചിക്കുകയാണ്. നല്ലതിന് വേണ്ടി ചെയ്യുന്നത് പോലും മോശമായിത്തീരുന്നു' എന്നാണ് മകനെതിരായ നടപടിക്ക് പിന്നാലെ പിതാവ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

നടപടിയെ കുറിച്ച് ശ്രീരാജിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു- "ഞാൻ ചെയ്തത് തെറ്റാണെന്ന് പറയാൻ ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് എന്നെ വിളിച്ചു. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് തിരിച്ചുചോദിച്ചു. ഞാൻ പക്ഷിയെ ചൂടുള്ള എണ്ണയിലിടാന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത് ജീവനുള്ള പക്ഷിയല്ല, ചത്ത കാടപ്പക്ഷിയാണെന്ന് ഞാൻ വ്യക്തമാക്കി. എനിക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായി അദ്ദേഹം എന്നോട് പറഞ്ഞു. കാരണംകാണിക്കല്‍ നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ എനിക്ക് പറയാനുള്ളത് വിശദീകരിക്കാന്‍ കഴിയുമായിരുന്നു. പകരം എന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു"

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രമോ പെണ്‍കുട്ടി ആരെന്ന് തിരിച്ചറിയുന്ന വിവരങ്ങളോ പങ്കുവെയ്ക്കരുതെന്ന് വ്യക്തമാക്കിയാണ് ട്വിറ്റര്‍ അക്കൌണ്ട് മരവിപ്പിച്ചത്. തുടര്‍ന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു. ട്വിറ്ററിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപിയെ ഭയന്നിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന ആരോപണവും ഉയര്‍ന്നു.

Similar Posts