< Back
India
വിവാദ ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ
India

വിവാദ ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ

Web Desk
|
29 Jun 2021 12:38 AM IST

ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക പ്രദേശങ്ങളായി കാണിക്കുന്ന ഭൂപടമാണ് ഏറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയതിനു പിറകെ ട്വിറ്റർ നീക്കം ചെയ്തത്

വിവാദ ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ. ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി കാണിക്കുന്ന ഭൂപടമാണ് ഏറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയതിനു പിറകെ ട്വിറ്റർ നീക്കം ചെയ്തത്.

ട്വിറ്ററിന്റെ 'ട്വീറ്റ് ലൈഫ്' എന്ന വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഇതിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. രാജ്യത്തിന്റെ ഭൂപടം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് ട്വിറ്റർ വിവാദ ഭൂപടം നീക്കിയത്.

ഇതിനുമുൻപും ട്വിറ്റർ ഇന്ത്യയുടെ ഭൂപടം മാറ്റി വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. ലേയെ ജമ്മു കശ്മീരിന്റെ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയുമായിരുന്നു അന്ന് ഭൂപടം പ്രസിദ്ധീകരിച്ചത്. നിലവിൽ ഡിജിറ്റൽ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി തർക്കത്തിലുള്ളതിനാൽ പുതിയ സംഭവത്തിനു കൂടുതൽ പ്രത്യാഘാതമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. ഐടി ആക്ടിലെ 69 എ പ്രകാരം പിഴയോ ഉദ്യോഗസ്ഥർക്ക് ഏഴുവർഷം വരെ ജയിൽശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് അധികൃതർ പറയുന്നത്. ആവശ്യമെങ്കിൽ പൗരന്മാർക്ക് ട്വിറ്റർ സേവനം തടയാനും ഇതുവഴി സാധിക്കും.

Related Tags :
Similar Posts