< Back
India
ഗുജറാത്തിൽ രണ്ടര ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്; ഞെട്ടിക്കുന്ന കണക്ക് പുറത്ത്
India

ഗുജറാത്തിൽ രണ്ടര ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

ശരത് ഓങ്ങല്ലൂർ
|
14 March 2026 6:42 PM IST

ശിശുക്ഷേമത്തിനും പോഷകാഹാരത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്

അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടരലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി കണക്ക്. ​ഗുജറാത്ത് വനിത-ശിശുക്ഷേമ മന്ത്രാലയം ശനിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്. സംസ്ഥാനത്തെ 30 ജില്ലകളിലായി ആകെ 2,57,269 കുട്ടികളാണ് നിലവിൽ പോഷകാഹാരക്കുറവ് നേരിടുന്നത്.

ആകെ ബാധിക്കപ്പെട്ട കുട്ടികളിൽ 2,11,635 പേർ ഭാരക്കുറവുള്ളവരാണ്. ഇതിൽ 45,634 കുട്ടികൾ അതീവ ഗുരുതരമായ ഭാരക്കുറവ് (Severely Underweight) നേരിടുന്നവരാണെന്നാണ് കണക്കുകളിൽ കാണിക്കുന്നത്. ഗോത്രവർഗ മേഖലകളിലാണ് പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം, പഞ്ച്മഹൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പോഷകാഹാര കുറവ് നേരിടുന്നത് (20,762 കുട്ടികൾ). ബനസ്കാന്ത (19,391), ഖേഡ (18,590) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. ഗുരുതരമായ ഭാരക്കുറവുള്ള കുട്ടികൾ ഏറ്റവും കൂടുതലുള്ളത് ഛോട്ടാ ഉദയ്പൂർ ജില്ലയിലാണ് (4,048 കുട്ടികൾ). പഞ്ച്മഹലിൽ 3,926 കുട്ടികളും ഈ വിഭാഗത്തിലുണ്ട്.

പോഷകാഹാരക്കുറവ് ന​ഗരമേഖലകളിലും കുറവല്ല. വഡോദര ജില്ലിയിൽ 12,766 കുട്ടികൾ, അഹമ്മദാബാദിൽ 6,411 കുട്ടികൾ (ഇതിൽ 999 പേർ അതീവ ഗുരുതരാവസ്ഥയിലാണ്), ഗാന്ധിനഗറിൽ 6,467 കുട്ടികൾ, ഭാവ്‌നഗറിൽ 11,648 കുട്ടികൾക്കും പോഷകാഹാരക്കുറവുണ്ട്. ചില ജില്ലകളിൽ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായും റിപ്പോർട്ടുണ്ട്. ശിശുക്ഷേമത്തിനും പോഷകാഹാരത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.

Similar Posts