< Back
India
Two Arrested In Congress Worker Murder Case In West Bengal
India

ബം​ഗാളിൽ കോൺ​ഗ്രസ് സ്ഥാനാർഥിയുടെ കൊലപാതകം: തൃണമൂൽ നേതാവടക്കം രണ്ട് പേർ അറസ്റ്റിൽ

Web Desk
|
11 Jun 2023 9:30 PM IST

ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു കൊല്ലപ്പെട്ടയാൾ.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കോൺ​ഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുർഷിദാബാദ് ഖാർ​ഗ്രാമിലെ രതൻപൂർ നൽദിപ് ​ഗ്രാമത്തിലെ 42കാരനായ ഫുൽചന്ദ് ഷെയ്ഖ് എന്നയാളാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ കജൽ ഷെയ്ഖ്, റാഫിഖ് ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒരു ഒളിത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഫുൽചന്ദിനെ കൊലപ്പെടുത്തിയതിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നു.

പ്രതികൾ തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരാണെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബവും കോൺ​ഗ്രസ് പ്രവർത്തകരും പറയുന്നു. ഇവരിൽ ഒരാൾ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ടി.എം.സി പ്രാദേശിക നേതാവായ ബഷീർ മൊല്ല തോക്കുമായി പിടിയിലായിരുന്നു.

'തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ഫുൽചന്ദ് വിജയിക്കുമെന്നതിനാൽ തൃണമൂൽ പ്രവർത്തകർ എന്റെ ഭർത്താവിനെ കൊലപ്പെടുത്തി. ഭാര്യയെന്ന നിലയിലും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയെന്ന നിലയിലും എനിക്ക് നീതി വേണം'- ഫുൽചന്ദിന്റെ ഭാര്യ മനിജ ഖാത്തൂൻ പറഞ്ഞു.

അതേസമയം, കൃത്യത്തിന് ഉപയോ​ഗിച്ച ആയുധം വീണ്ടെടുക്കാനായി ഇരുവരേയും 10 ദിവസത്തെ പൊലീസ് റിമാൻഡിൽ അയച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ സുബ്ര മിശ്ര കാണ്ടി പറഞ്ഞു. 'പ്രതികൾ ഇരുമ്പ് വടിയും തോക്കും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വെടിയേറ്റവരിൽ ഒരാൾ ആശുപത്രിയിൽ മരിച്ചു. ആയുധം വീണ്ടെടുക്കാനായി പ്രതികളെ 10 ദിവസത്തെ പൊലീസ് റിമാൻഡിലേക്ക് അയച്ചിട്ടുണ്ട്'- അദ്ദേഹം വ്യക്തമാക്കി.

കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികളെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് എം.പി അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

'മുർഷിദാബാദിലെ ഖാർഗ്രാമിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംഭവം. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രതിയെ ഭരണകൂടം സംരക്ഷിക്കുകയാണ്. ഇതിനെതിരെ ഞങ്ങൾ പ്രതിഷേധം സംഘടിപ്പിക്കും'- അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ അധീർ രഞ്ജൻ ചൗധരി ഖാർഗ്രാമിലെത്തി.




Similar Posts