
ഹംപി കൂട്ടബലാത്സംഗം: രണ്ടുപേർ അറസ്റ്റിൽ
|ആക്രമണത്തിനിടെ ഒഡിഷ സ്വദേശി മുങ്ങിമരിച്ചിരുന്നു
ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ സായ് മല്ലു,ചേതൻ സായ് എന്നിവരാണ് പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ ഇസ്രായേലി വനിതയെയും ഹോംസ്റ്റേ ഉടമയായ വനിതയെയുമാണ് മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന യുവാക്കളെ തുംഗഭദ്ര നദിയില്‍ തള്ളിയിട്ടായിരുന്നു അതിക്രമം. ഇതിൽ ഒരാള്‍ മുങ്ങി മരിച്ചു.
ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. ഇസ്രായേലി വനിത, അമേരിക്കയിൽനിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ഈ സമയം ബൈക്കിൽ ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. തുടർന്ന് മൂന്ന് യുവാക്കളെയും അക്രമി സംഘം മർദിച്ച് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഭാഷാണ് മരിച്ചത്.