< Back
India
സർക്കാർ ഓഫീസിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട പേഡ കഴിച്ച  സെക്യൂരിറ്റി ജീവനക്കാരനും ചായക്കടക്കാരനും മരിച്ചു; ദുരൂഹതയുണ്ടെന്ന് പൊലീസ്
India

സർക്കാർ ഓഫീസിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട പേഡ കഴിച്ച സെക്യൂരിറ്റി ജീവനക്കാരനും ചായക്കടക്കാരനും മരിച്ചു; ദുരൂഹതയുണ്ടെന്ന് പൊലീസ്

ലിസി. പി
|
15 Jan 2026 9:06 AM IST

മധുരപലഹാരങ്ങൾ കഴിച്ച ഏഴ് പേര്‍ ഗുരുതരാവസ്ഥയിലാണ്

ഭോപ്പാൽ: മധ്യപ്രദേശിൽ പേഡയടക്കമുള്ള മധുരപലഹാരങ്ങൾ കഴിച്ച് രണ്ടുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു.ചിന്ദ്വാരയിലെ സർക്കാർ ഓഫീസിന് പുറത്ത് കണ്ടെത്തിയ മധുരപലഹാരങ്ങൾ കഴിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം 9 ന് പിഎച്ച്ഇഡി ഓഫീസിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പച്ചക്കറികളും മധുരപലഹാരങ്ങൾ നിറച്ച ഒരു പെട്ടിയും കണ്ടെത്തിയിരുന്നു. ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ദാസരു യദുവൻഷി (50) ഈ ബാഗെടുത്ത് പരിശോധിച്ചു.മധുരപലഹാരങ്ങള്‍ അടങ്ങിയ പെട്ടിയില്‍ നിന്ന് പേഡകള്‍ രുചിച്ചു നോക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം കടുത്ത ഛർദ്ദിയും വയറിളക്കവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ചിന്ദ്വാര ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.നില ഗുരുതരമായതിന് പിന്നാലെ കുടുംബം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാല്‍ രണ്ടുദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. മരിച്ചയാളുടെ കുടുംബം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തയ്യാറായില്ലെന്നും മൃതദേഹം സംസ്കരിക്കുകയും ചെയ്തതായി ചിന്ദ്വാരയിലെ ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടെയാണ് മധുരപലഹാരപ്പെട്ടി ഉപേക്ഷിച്ച സ്ഥലത്ത് ചായക്കട നടത്തുന്ന കുടുംബം അവശേഷിച്ച പെട്ടി വീട്ടിലേക്ക് കൊണ്ടുപോയത്. 72 വയസുകാരനായ സുന്ദർ ലാൽ കതൂരിയ, ഭാര്യ, രണ്ട് പെൺമക്കൾ, മരുമകൾ, ചെറുമകൾ എന്നിവരെ കഠിനമായ ഛർദ്ദി, വയറിളക്കം, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ മാസം 13 ന് ചികിത്സയ്ക്കിടെ സുന്ദർ ലാൽ കതൂരിയ മരിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴ് പേരെ ഗുരുതരാവസ്ഥയിലാക്കിയ മധുരപലഹാരപ്പെട്ടി സര്‍ക്കാര്‍ ഓഫീസിന് പുറത്ത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മധുരപലഹാരങ്ങളിൽ കേടായതാണോ അതോ മനഃപൂർവം വിഷം കലർത്തിയതാണോ എന്ന് കണ്ടെത്താൻ അവയുടെ സാമ്പിളുകൾ ഭക്ഷ്യ പരിശോധനാ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ജുന്നാർഡിയോ പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് രാകേഷ് സിംഗ് ബാഗേൽ പറഞ്ഞു.മരിച്ച കതൂരിയയുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്‍റെ റിപ്പോര്‍ട്ടു കൂടി പുറത്ത് വന്നാല്‍ മാത്രമേ രണ്ടു മരണങ്ങളുടെയും യഥാര്‍ഥകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

Similar Posts