< Back
India
അരുണാചൽ പ്രദേശിലെ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
India

അരുണാചൽ പ്രദേശിലെ തണുത്തുറഞ്ഞ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ശരത് ഓങ്ങല്ലൂർ
|
17 Jan 2026 1:51 PM IST

തടാകത്തിലേക്ക് വീണ മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വീണത്

ന്യുഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശിയായ ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു എന്നിവരാണ് മുങ്ങിമരിച്ചത്. വെള്ളായാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം. ബിനുവിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തി. മാധവിന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ഗുവഹത്തി വഴി അരുണാചലലിൽ എത്തിയ ഏഴംഗ വിനോദ സഞ്ചാരസംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും.

ഇവരുടെ കൂട്ടത്തിലെ ഒരാൾ തടാകത്തിൽ വീഴുകയായിരുന്നു. അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വെള്ളത്തിൽ വീണത്. ആദ്യം വെള്ളത്തിൽ വീണ ആൾ പിന്നീട് രക്ഷപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് പൊലീസിന് അപകടം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. അപ്പോൾ മുതൽ പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും കേന്ദ്രസേനയും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

വെളിച്ചക്കുറവും മോശം കാലാവസ്ഥയും മൂലം വെള്ളിയാഴ്ച അവസാനിപ്പിച്ച തിരച്ചിൽ ശനിയാഴ്ച ആരംഭിച്ചു. ശനിയാഴ്ചയിലെ തിരച്ചിലിൽ ആണ് മാധവിന്റെ മൃതദേഹം കണ്ടെത്തിയത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു.

Similar Posts