
യുപിയിൽ യുവതിയെ 1000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; കൂട്ടബലാത്സംഗം ചെയ്ത് സുഹൃത്തുക്കൾ
|ഭർത്താവ് ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.
ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയെ തന്റെ സുഹൃത്തുക്കൾക്ക് 1000 രൂപയ്ക്ക് വിറ്റ് ഭർത്താവ്. പിന്നാലെ സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ബദാവുൻ ജില്ലയിലെ ഫൈസ്ഗഞ്ചിലാണ് ഞെട്ടിക്കുന്ന സംഭവം.
ഫൈസ്ഗഞ്ച് സ്വദേശിയായ 30കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെഹ്ത പൊലീസ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബൽകിഷൻ, പപ്പു എന്നീ യുവാക്കളാണ് പിടിയിലായത്. ഇവരിൽ നിന്നും 1000 രൂപ വാങ്ങിയ ശേഷം ഭർത്താവ് തന്നെ കൈമാറുകയായിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
തുടർന്ന് ഇരുവരും പ്രദേശത്തെ ഒരു യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബൽകിഷനെയും പപ്പുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും മറ്റൊരു പ്രതിയായ ഭർത്താവ് ചുട്ടൻ ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ രണ്ട് സംഘം പൊലീസുകാരെ നിയോഗിച്ചതായും തിരച്ചിൽ ഊർജിതമാണെന്നും പൊലീസ് സൂപ്രണ്ട് ഹൃദേഷ് കതേരിയ അറിയിച്ചു.
യുവതിയെ വൈദ്യപരിശോധനയ്ക്കായി സ്ത്രീകൾക്കായുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.