< Back
India
മോഷണം ആരോപിച്ച് കുട്ടികൾക്ക് മർദനം; ട്രക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; ഇരകൾക്കെതിരെ കേസെടുത്ത് പൊലീസ്
India

മോഷണം ആരോപിച്ച് കുട്ടികൾക്ക് മർദനം; ട്രക്കിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; ഇരകൾക്കെതിരെ കേസെടുത്ത് പൊലീസ്

Web Desk
|
29 Oct 2022 6:25 PM IST

കുട്ടികൾ പണം മോഷ്ടിക്കുന്നത് താൻ കണ്ടെന്നായിരുന്നു ഡ്രൈവറുടെ വാദം.

ഭോപ്പാൽ: മോഷണം ആരോപിച്ച് കൗമാരാക്കാരായ ആൺകുട്ടികൾക്കെതിരെ ക്രൂരത. ക്രൂരമായി മർദിച്ച ശേഷം കാലുകൾ ട്രക്കിന് പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ദാരുണ സംഭവം. ഇവിടുത്തെ ജനത്തിരക്കുള്ള ചോത്രം പച്ചക്കറി മാർക്കറ്റിലൂടെയാണ് കുട്ടികളെ കെട്ടിവലിച്ചത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കുട്ടികളെ മർദിച്ച രണ്ട് പേർക്കെതിരെ കേസെടുത്തായി പൊലീസ് അറിയിച്ചു. മോഷണക്കുറ്റം ആരോപിച്ച്, ക്രൂരതയ്ക്ക് ഇരയായ കുട്ടികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കടയിലേക്ക് പച്ചക്കറി ഇറക്കുന്നതിനിടെ ട്രക്കിൽ സൂക്ഷിച്ചിരുന്ന പണം ആൺകുട്ടികൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ഡ്രൈവറും രണ്ട് വ്യാപാരികളുമാണ് രം​ഗത്തെത്തിയത്. കുട്ടികൾ പണം മോഷ്ടിക്കുന്നത് താൻ കണ്ടെന്നായിരുന്നു ഡ്രൈവറുടെ വാദം.

പിന്നാലെ, ചില വ്യാപാരികളും അവരുടെ സഹായികളും ചേർന്ന് കുട്ടികളെ മർദിക്കുകയും കാലുകൾ കയറുപയോ​ഗിച്ച് കെട്ടുകയുമായിരുന്നു. തുടർന്ന് റോഡിൽ കിടക്കാൻ നിർബന്ധിക്കുകയും കുട്ടികളുടെ പിൻഭാ​ഗവും കാലുകളും ട്രക്കിനു പിന്നിൽ ബന്ധിക്കുകയും ചെയ്തു. തുടർന്ന് ട്രക്ക് ഓടിച്ച് മാർക്കറ്റിലെ റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു.

ശേഷം അവർ തന്നെ കുട്ടികളെ കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ഡ്രൈവറുടെ പരാതിയിൽ തങ്ങൾ കേസെടുക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ശേഷം ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴും കുട്ടികൾ ക്രൂരമായി ആക്രമിക്കപ്പെട്ടതായി ഇൻഡോർ പൊലീസ് ഓഫീസർ നിഹിത് ഉപാധ്യായ് പറഞ്ഞു. അക്രമികൾക്കെതിരെയും ഞങ്ങൾ കർശന നടപടി സ്വീകരിക്കും. വീഡിയോയിൽ നിന്ന് പ്രതികളെ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts