< Back
India
ടിവിയും, മിനി ഫ്രിഡ്ജും; ഡ്രൈവർക്കൊപ്പം ഹോസ്റ്റസും; ആഢംബര യാത്രാനുഭവം വാഗ്ദാനം ചെയ്ത് ഊബർ ഇന്റർസിറ്റി മോട്ടോർഹോംസ്
India

ടിവിയും, മിനി ഫ്രിഡ്ജും; ഡ്രൈവർക്കൊപ്പം ഹോസ്റ്റസും; ആഢംബര യാത്രാനുഭവം വാഗ്ദാനം ചെയ്ത് ഊബർ ഇന്റർസിറ്റി മോട്ടോർഹോംസ്

Web Desk
|
6 Aug 2025 4:43 PM IST

സുഖകരമായ ദീർഘ ദൂര റോഡ് യാത്രകൾ ലക്ഷ്യം വെച്ച് ഊബർ അവതരിപ്പിക്കുന്ന പ്രീമിയം ഇന്റർസിറ്റി മോട്ടോർ ഹോംസിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡൽഹി: ദീർഘദൂര റോഡ് യാത്രകൾ പലപ്പോഴും ഒരു തലവേദനയാണ് പലർക്കും. കാറിൽ ഒരുപാട് ദൂരമിരുന്ന് യാത്ര ചെയ്യുന്നത് എല്ലാവർക്കും അത്ര എളുപ്പമല്ല. ബസിലാണെങ്കിൽ സ്വകാര്യത ഒരു പ്രശ്‌നവുമാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായാണ് ഊബർ രംഗത്തുവന്നിരിക്കുന്നത്.

സ്വന്തമായി ഒരു ഡ്രൈവർ, കൂടെ യാത്രക്കിടെ സഹായങ്ങൾക്കായി ഒരാൾ, ടിവിയും മിനി ഫ്രിഡ്ജുമടക്കം ആഢംബരമായൊരു യാത്രാനുഭവം. അതാണ് ഊബർ പുതുതായി പ്രഖ്യാപിച്ച ഇന്റർസിറ്റി മോട്ടോർഹോംസ്. ഇതിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. നിലവിൽ ഡൽഹി എൻസിആറിലാണ് ഈ സേവനം ലഭ്യമാവുക. 2025 ആഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ആറുവരെയുള്ള ദിവസങ്ങളിലേക്കാണ് ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.

  • യാത്രയുടെ മൂന്നു മുതൽ 25 ദിവസം മുമ്പ് വരെയാണ് ബുക്ക് ചെയ്യാൻ സാധിക്കുക. ഉപഭോക്താക്കൾക്ക് ഊബർ ആപ്പ് വഴി ബുക്ക് ചെയ്യാം. ചെറിയ സംഘങ്ങൾക്ക് സുഖപ്രദവും ആവശ്യങ്ങൾക്കനുസരിച്ച് പ്ലാൻ ചെയ്യാൻ സാധിക്കുന്നതുമായ രീതിയിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്നതാണ് ഊബറിന്റെ പദ്ധതി. ഔട്ട്‌സ്റ്റേഷൻ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
  • ഊബർ ഇന്റർസിറ്റി ഹോംസിന്റെ പ്രത്യേകതകൾ
  • നാലോ അഞ്ചോ ആളുകൾക്ക് വിശാലമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിച്ച സീറ്റുകൾ
  • യാത്രയിലുടനീളം പ്രൊഫഷണൽ ഡ്രൈവറുടെയും ഓൺബോർഡ് ഹെൽപറുടെയും സേവനം
  • ദീർഘദൂര യാത്രയിൽ വിനോദത്തിനും സൗകര്യത്തിനുമായി ഒരുക്കിയ ടോയ്‌ലറ്റ് സൗകര്യം, ടിവി, മൈക്രോവേവ്, മിനി ഫ്രിഡ്ജ് തുടങ്ങിയവ
  • യാത്രയിൽ ആവശ്യമായ സ്‌റ്റോപ്പുകൾ യാത്രക്കാർക്ക് നിശ്ചയിക്കാനുള്ള സൗകര്യം
  • ഊബർ ആപ്പിലൂടെ കൃത്യമായി ലൊക്കേഷൻ ട്രാക്ക് ചെയ്യാം
  • യാത്രയിൽ സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ട് ഹെൽപ് ലൈനും

ഒരു ഇന്റർസിറ്റി മോട്ടോർഹോംസ് യാത്ര ബുക്ക് ചെയ്യുന്നതിന്റെ രൂപം;

  • ഊബർ ആപ്പിൽ ഇൻർസിറ്റി ഓപ്ഷൻ സെലക്ട് ചെയ്യുക
  • റൗണ്ട് ട്രിപ്പ് തെരഞ്ഞെടുത്തതിന് ശേഷം പിക് അപ്, ഡ്രോപ് ഓഫ് ലൊക്കേഷനും സമയവും നൽകുക.
  • യാത്രയുടെ മൂന്നുമുതൽ 25 ദിവസം മുമ്പ് വരെയാണ് ബുക്ക് ചെയ്യാനാവുക. ദിവസവും രാവിലെ ഏഴ് മുതൽ 11 മണിവരെ യാത്രാ സ്ലോട്ടുകൾ ലഭ്യമായിരിക്കും.
  • ഇന്ന് മുതൽ ഊബർ ആപ്പ് വഴി ബുക്കിംഗ് സാധ്യമായിരിക്കും.
Similar Posts