< Back
India
സഖ്യചര്‍ച്ചകൾക്ക് ആക്കം കൂട്ടി വീണ്ടും ഉദ്ധവ്- രാജ് താക്കറെ കൂടിക്കാഴ്ച; ദസറ റാലിയിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്
India

സഖ്യചര്‍ച്ചകൾക്ക് ആക്കം കൂട്ടി വീണ്ടും ഉദ്ധവ്- രാജ് താക്കറെ കൂടിക്കാഴ്ച; ദസറ റാലിയിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

Web Desk
|
11 Sept 2025 12:59 PM IST

അപ്രതീക്ഷിതമായിരുന്നു ഉദ്ധവിന്‍റെ സന്ദര്‍ശനം

മുംബൈ: ശിവസേന യുബിടി വിഭാഗവും മഹാരാഷ്ട്ര നവനിര്‍മാൺ സേനയും തമ്മിലുള്ള സഖ്യരൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുരോഗമിക്കുന്നതിനിടെ ഇരുപാര്‍ട്ടികളുടെയും നേതാക്കൾ വീണ്ടും കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച ഉദ്ധവ് ദാദറിലെ രാജിന്‍റെ വീട് സന്ദര്‍ശിച്ചു.

ബിഎംസി തെരഞ്ഞെടുപ്പിനുള്ള ശിവസേന (യുബിടി)-എംഎൻഎസ് സഖ്യത്തെക്കുറിച്ചും സീറ്റ് വിഭജനത്തെക്കുറിച്ചും സഹോദരങ്ങൾ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ നടക്കുന്ന ശിവസേനയുടെ (യുബിടി) വാർഷിക ദസറ റാലിയിലേക്ക് ഉദ്ധവ് രാജിനെ ക്ഷണിച്ചേക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹമുണ്ട്. സഖ്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അവിടെ ഉണ്ടായേക്കാം.

അപ്രതീക്ഷിതമായിരുന്നു ഉദ്ധവിന്‍റെ സന്ദര്‍ശനം. ഇന്നലെ രാവിലെയാണ് രാജിന്‍റെ വസതിയായ ശിവതീര്‍ഥത്തിലെത്തിയത്. താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്തും എംഎൽസി അനിൽ പരബും മുൻ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുതിർന്ന പാർട്ടി നേതാക്കളായ ബാല നന്ദ്ഗാവ്കർ, സന്ദീപ് ദേശ്പാണ്ഡെ എന്നിവരാണ് എംഎൻഎസ് മേധാവിക്കൊപ്പമുണ്ടായിരുന്നത്. അടച്ചിട്ട മുറിയിൽ നടന്ന ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടുനിന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ താക്കറെ കസിന്‍സ് നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ മാസം ഗണേശോത്സവത്തോടനുബന്ധിച്ച് ഉദ്ധവ് ശിവതീർത്ഥം സന്ദർശിച്ചിരുന്നു.

സേന (യുബിടി)-എംഎൻഎസ് സഖ്യത്തെക്കുറിച്ചും ബിഎംസി തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും ചർച്ചകൾ നടന്നതായും കൂടുതൽ റൗണ്ട് യോഗങ്ങൾ പ്രതീക്ഷിക്കുന്നതായും ഇരു പാർട്ടികളിലെയും അടുത്ത വൃത്തങ്ങൾ അറിയിച്ചു.മുംബൈയിൽ 90 മുതൽ 95 വരെ സീറ്റുകൾ വേണമെന്ന് എംഎൻഎസ് യോഗത്തിൽ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു, എന്നാൽ മണ്ഡലതല ചർച്ചകളിലൂടെ ഈ കണക്കിൽ തീരുമാനമാക്കുമെന്ന് സേന ഭാരവാഹികൾ പറഞ്ഞു.

എന്നാൽ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു റാവത്തിന്‍റെ പ്രതികരണം. "രാജ് താക്കറെയുടെ അമ്മ കുന്ദ മാസി ഉദ്ധവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നതാണ് സത്യം. ഞങ്ങളുടെ ഗണപതി സന്ദർശന വേളയിൽ ഞങ്ങൾക്ക് കൂടുതൽ നേരം സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞിരുന്നു. അതിനാൽ, നമുക്ക് മറ്റെവിടെയെങ്കിലും ഇരുന്ന് സംസാരിക്കാമെന്നും പറഞ്ഞു. അതുകൊണ്ട് ഞങ്ങൾ രാജ് താക്കറെയുടെ വീട്ടിലേക്ക് പോയി," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപമാസങ്ങളിലായി ഇത് നാലാമത്തെ തവണയാണ് താക്കറെ കസിൻസ് ചര്‍ച്ച നടത്തുന്നത്. ജൂലൈ 27 ന് മാതോശ്രീയിൽ വെച്ച് ജന്മദിനാശംസകൾ നേരാൻ രാജ് ഉദ്ധവിന്‍റെ വസതിയിലെത്തിയിരുന്നു.കഴിഞ്ഞ ജൂലൈ 5നാണ് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഉദ്ധവും രാജും വേദി പങ്കിട്ടത്. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയത് ആഘോഷിക്കാനാണ് ഉദ്ധവ് ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാൺ സേനയും വോർലിയിലെ എൻ‌എസ്‌സി‌ഐ ഡോമിൽ വൻ റാലി സംഘടിപ്പിച്ചത്.

Similar Posts