< Back
India
കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സർക്കാർ അറസ്റ്റ് ചെയ്യേണ്ടത്; പാർലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം
India

'കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സർക്കാർ അറസ്റ്റ് ചെയ്യേണ്ടത്'; പാർലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം

Web Desk
|
29 July 2025 4:39 PM IST

കന്യാസ്ത്രീകളെ സന്ദർശിക്കുന്നതിന് യുഡിഎഫ് എംപിമാർക്ക് അനുമതി നൽകി

ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സർക്കാർ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാർ പറഞ്ഞു. ശശി തരൂരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിക്കുന്നതിന് യുഡിഎഫ് എംപിമാർക്ക് അനുമതി നൽകിയിരുന്നു. നേരത്തെ അനുമതി നിഷേധച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് അനുമതി ലഭിച്ചത്. എംപിമാരുടെ സംഘം ജയിലിൽ എത്തി കന്യാസ്ത്രീകളെ കണ്ടു. കന്യാസ്ത്രീകളുടെ ബന്ധു ഉൾപ്പെടെ അഞ്ചുപേർക്കാണ് അനുമതി നൽകിയത്. ബിജെപി നേതാവിന് നേരത്തെ അനുമതി നൽകിയിരുന്നു.

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇവർ നാളെ സെക്ഷൻ കോടതിയെ സമീപിക്കും. കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ്. വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.

നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Similar Posts