< Back
India
ജനാധിപത്യം ഏത് നിമിഷവും മരിച്ചുവീണേക്കാം; പാർട്ടി ചിഹ്നവുമായി ബന്ധപ്പെട്ട വിധിയിലെ കാലതാമസത്തിൽ സുപ്രിംകോടതിക്കെതിരെ ഉദ്ധവ് താക്കറെ
India

ജനാധിപത്യം ഏത് നിമിഷവും മരിച്ചുവീണേക്കാം; പാർട്ടി ചിഹ്നവുമായി ബന്ധപ്പെട്ട വിധിയിലെ കാലതാമസത്തിൽ സുപ്രിംകോടതിക്കെതിരെ ഉദ്ധവ് താക്കറെ

Web Desk
|
15 Aug 2025 3:13 PM IST

മുംബൈയിൽ വെച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തിയ നിർധാർ സമ്മിറ്റിൽ സംസാരിക്കവെയാണ് വിമർശനം

മുംബൈ: പാർട്ടി ചിഹ്നവുമായി ബന്ധപ്പെട്ട തർക്കത്തിലെ വിധിയിൽ നേരിടുന്ന കാലതാമസവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ. തങ്ങളുടെ പടിവാതിൽക്കൽ ജനാധിപത്യം തകർന്നുവീഴുന്നത് നോക്കിനിൽക്കുകയാണ് ജുഡീഷ്യറിയെന്ന് താക്കറെ വിമർശിച്ചു.

മുംബൈയിൽ വെച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തിയ നിർധാർ സമ്മിറ്റിൽ സംസാരിക്കവെയാണ് വിമർശനം. 'മൂന്നു വർഷമായി സുപ്രിംകോടതിയുടെ വാതിൽക്കൽ നീതി കാത്തു കിടക്കുകയാണ് ജനാധിപത്യം. ഏത് നിമിഷം വേണമെങ്കിലും അത് മരിച്ചുവീണേക്കാം. വിധി പറയുന്നതിലൂടെ ജുഡീഷ്യറിക്ക് മരണാസന്നനായ ജനാധിപത്യത്തിന്റെ വായിലേക്ക് വെള്ളം പകരാം' എന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്.

തെരുവു നായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹരജി പരിഗണിക്കാൻ മൂന്നംഗ ബെഞ്ചിനെ നിയോഗിച്ച നടപടിക്കെതിരെയും താക്കറെ പ്രതികരിച്ചു. പാർട്ടിയുടെ പേരും, ചിഹ്നവുമായി ബന്ധപ്പെട്ട എൻസിപിയുടെയും ശിവസേനയുടെയും കേസ് പരിഹരിക്കപ്പെടാതെയിരിക്കുമ്പോൾ തെരുവുനായകളെ തെരുവിൽ നിന്നും മാറ്റിപാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കാൻ അടിയന്തരമായി ബെഞ്ച് രൂപീകരിച്ചതിനെതിരെയാണ് വിമർശനം. ' നായകളെ കുറിച്ചുള്ള കാര്യത്തിൽ ചീഫ് ജസ്റ്റിസ് വളരെ വേഗത്തിലാണ് നീങ്ങുന്നത്. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്' എന്നാണ് താക്കറെ പറഞ്ഞത്.

'പാർലമെന്റിൽ ഞാൻ കുരങ്ങുകളെ കണ്ടിട്ടുണ്ട്, പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ പരിസരത്താണ് കുരങ്ങുകളെ കണ്ടത്' എന്നും താക്കറെ. നായകളെ തെരുവുകളിൽ നിന്നും നീക്കുന്നത് കുരങ്ങുകൾ കൂടാൻ കാരണമാകുമെന്ന് പറഞ്ഞ മുൻ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്താവനയെ ഉദ്ധരിച്ചാണ് ഈ പരാമർശം.

Similar Posts