< Back
India
മംഗളൂരു ഉള്ളാൾ സ്വദേശി സൗദി അറേബ്യയിൽ   വാഹനാപകടത്തിൽ മരിച്ചു
India

മംഗളൂരു ഉള്ളാൾ സ്വദേശി സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു

Web Desk
|
15 Sept 2025 6:04 PM IST

ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം

ജുബൈൽ: സൗദി ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മംഗളൂരു സ്വദേശി മരിച്ചു. മംഗളൂരു ഉള്ളാൾ മില്ലത്ത് നഗര്‍ അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് റോഡിൽ ഹദീദിനടുത്ത് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസുകൾ കൂട്ടിയിടിച്ചാണ് അപകടം. ഞായറാഴ്ച രാത്രി റാസിഖ് സ്റ്റാഫ് ബസിൽ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മറ്റൊരു ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് കുടുംബം അറിയിക്കുന്നത്.

മുഹമ്മദ് ഫഖ്റുദ്ദീൻ സിദ്ദിഖി, പ്രിൻസ് അലോയ് എസസ് (ഇന്ത്യ), ഫൈസൽ മെഹ്ബൂബ് അലി (പാക്കിസ്താൻ), കമൽ കിഷോർ യാദവ് (നേപ്പാൾ) എന്നിവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ അൽ മന ആശുപത്രിയിലും മറ്റുമായി ചികിത്സയിലാണ്.

രണ്ടു ബസുകളിലുമായി 29 യാത്രക്കാർ ഉണ്ടായിരുന്നു. പാക്കിസ്താൻ സ്വദേശികളാണ് ബസുകൾ ഓടിച്ചിരുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് കാർതിഷ് ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാറും അപകടത്തിൽ പെട്ടു.

മരണപ്പെട്ട അബ്ദുൽ റാസിഖ് ജുബൈലിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ്. പിതാവ്: മുഹമ്മദ്, മാതാവ്: അതിജാമ്മ. മൃതദേഹം ജുബൈൽ ജനറൽ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം ജുബൈലിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജുബൈലിൽ പോളിടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന റാസിഖ് സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ജൂലൈയിൽ നാട്ടിൽ വന്ന് തിരിച്ചുപോയി കഴിഞ്ഞ മാസം 15 നാണ് സൗദി അറേബ്യയിൽ ജോലിയില്‍ തിരികെ പ്രവേശിച്ചത്. കുടുംബത്തിലെ ഇളയ മകനായിരുന്നു റാസിഖ്. അസുഖം മൂലം നേരത്തെ സഹോദരനും സഹോദരിയും മരിച്ചിരുന്നു.

Similar Posts