< Back
India
കെജ്‌രിവാളിനെയും മമതയേയും കൈ വിടരുത്, കോൺഗ്രസ് പ്രതിപക്ഷ ഐക്യം ഉറപ്പാക്കണം: ഉദ്ധവ് വിഭാഗം ശിവസേന
India

'കെജ്‌രിവാളിനെയും മമതയേയും കൈ വിടരുത്, കോൺഗ്രസ് പ്രതിപക്ഷ ഐക്യം ഉറപ്പാക്കണം': ഉദ്ധവ് വിഭാഗം ശിവസേന

Web Desk
|
3 Dec 2024 10:12 PM IST

എഎപിയും കോൺഗ്രസും ഒരുമിച്ച് പ്രവർത്തിച്ചാൽ ഗുജറാത്തിൽ മികച്ച ഫലം സ്വന്തമാക്കാമെന്നും ശിവസേനയുടെ മുഖപത്രമായ സാംന

മുംബൈ: പ്രതിപക്ഷ ഐക്യം കോൺഗ്രസ് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം ശിവസേന. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചതും കോണ്‍ഗ്രസില്‍ നിന്ന് അകലുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനവും കൂടി കണക്കിലെടുത്താണ് ഉദ്ധവ് വിഭാഗം ശിവസേനയുടെ ആവശ്യം.

മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായി തുടരാൻ അരവിന്ദ് കെജ്‌രിവാളിനെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.

'' പശ്ചിമ ബംഗാളിൽ ടിഎംസി അധ്യക്ഷ മമത ബാനർജി കോൺഗ്രസിനെ അകറ്റിയുള്ള രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നത്. ഇപ്പോൾ കെജ്‌രിവാളും അതേ പാതയിലാണ്. കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ട വിഷയമാണിത്. ഇതോടൊപ്പം ഐക്യത്തിനായി നടപടികൾ സ്വീകരിക്കുകയും വേണം''- എഡിറ്റോറിയൽ പറയുന്നു.

അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായുള്ള സഖ്യ സാധ്യത എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ തള്ളിക്കളഞ്ഞിരുന്നു.

അദാനി വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നീക്കത്തിനൊപ്പമില്ലെന്ന നിലപാടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ നടന്ന ' ഇന്‍ഡ്യ' സഖ്യായോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. സഭയ്ക്കുള്ളില്‍ ഒറ്റയ്ക്ക് നീങ്ങാനാണ് മമത ബാനര്‍ജിയുടെ തീരുമാനം. ഈ പശ്ചാതലത്തിലാണ് സാംനയുടെ ആവശ്യം.

'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായ എഎപിയും കോൺഗ്രസും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒരുമിച്ച് മത്സരിച്ചിരുന്നു.

'' ഇന്‍ഡ്യയുടെ ഭാഗമായ എഎപിയെപ്പോലുള്ള ഒരു പാർട്ടി, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുകയാണ്. ഈ പ്രതിഭാസം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ കോൺഗ്രസ് കഠിനാധ്വാനം ചെയ്യണം''- സാംന പറയുന്നു. അതേസമയം സഖ്യം വിടണമെന്നും ഒറ്റക്ക് മത്സരിക്കണമെന്നും ഉദ്ധവ് വിഭാഗം ശിവസേനയില്‍ നിന്നും ആവശ്യമുയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

"ബിജെപി വിരുദ്ധ സഖ്യത്തിൽ എഎപി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്, പഞ്ചാബിലുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ കൂടി സ്വാധീനമുള്ളതിനാല്‍ എഎപിയൊരു പ്രാദേശിക പാർട്ടിയല്ലെന്നും സാംന എഴുതുന്നു. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് പ്രവർത്തിച്ചാൽ ഗുജറാത്തിൽ മികച്ച ഫലം പ്രതീക്ഷിക്കാമെന്നും ശിവസേന വ്യക്തമാക്കുന്നു.

Similar Posts