India
Kumar Vikas
India

പാക് ഏജന്‍റിന് 'ലുഡോ ആപ്പ്' വഴി രഹസ്യ വിവരങ്ങൾ കൈമാറി; കാൺപൂരിലെ ആയുധ ഫാക്ടറി മാനേജര്‍ അറസ്റ്റിൽ

Web Desk
|
20 March 2025 4:56 PM IST

കാൺപൂർ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാർ വികാസ്

ലഖ്നൗ: പാകിസ്താൻ ഇന്‍റലിജൻസ് ഏജന്‍റെന്ന് സംശയിക്കുന്നയാൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിൽ ഒരാളെ അറസ്റ്റ് ചെയ്തു. കാൺപൂർ ഓർഡനൻസ് ഫാക്ടറിയിലെ ജൂനിയർ വർക്ക്സ് മാനേജർ കുമാർ വികാസിനെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. പണത്തോടുള്ള അത്യാർത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഇവര്‍ പാകിസ്താൻ ഏജന്‍റ് ആണെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാൺപൂർ ഓർഡനൻസ് ഫാക്ടറിയിൽ നിന്നുള്ള രഹസ്യ വിവരങ്ങൾ ഒരു ഏജന്‍റുമായി പങ്കുവെക്കുന്നതിൽ കുമാർ വികാസ് ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ എടിഎസിന് വിവരം ലഭിച്ചതായി എടിഎസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് നിലബ്ജ ചൗധരി പറഞ്ഞു. "കാൺപൂർ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാർ വികാസ്. നിലവിൽ കാൺപൂർ നഗറിലെ ബിതൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള നരമൗവിലെ സി -131 ന്യൂ ഹൈവാസിറ്റിയിൽ താമസിക്കുന്നത്. ഈ ജനുവരിയിൽ ഫേസ്ബുക്ക് വഴിയാണ് കുമാർ വികാസ് നേഹ ശർമയുമായി ബന്ധപ്പെട്ടത്,” ചൗധരി പറഞ്ഞു.

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ബിഎച്ച്ഇഎൽ) ജീവനക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ നേഹ ശർമ വികാസുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. കുമാറിന് തന്‍റെ വാട്ട്സാപ്പ് നമ്പര്‍ നൽകുകയും ചെയ്തിരുന്നു. "രഹസ്യം കാത്തുസൂക്ഷിക്കാൻ, കുമാർ വികാസ് ഏജന്‍റുമായി ആശയവിനിമയം നടത്താൻ ലുഡോ ആപ്പ് ഉപയോഗിച്ചു. അത്യാഗ്രഹിയായ കുമാര്‍ ഓർഡനൻസ് ഫാക്ടറിയുടെ സെൻസിറ്റീവ് രേഖകൾ, ഉപകരണ വിശദാംശങ്ങൾ, വെടിമരുന്ന് നിർമാണ ഡാറ്റ, ജീവനക്കാരുടെ ഹാജർ ഷീറ്റുകൾ, മെഷീൻ ലേഔട്ടുകൾ, ഉൽപാദനവുമായി ബന്ധപ്പെട്ട ചാർട്ടുകൾ എന്നിവ നേഹ ശർമക്ക് നൽകി'' ചൗധരി കൂട്ടിച്ചേര്‍ത്തു. ചോർന്ന വിവരങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുമെന്നും ഇത് ദേശീയ സുരക്ഷക്ക് വെല്ലുവിളി ഉയർത്തുമെന്നും എടിഎസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാര്‍ച്ച് 13ന് ഫിറോസാബാദിലെ ഹസ്രത്പൂരിലുള്ള ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാരനായ രവീന്ദ്ര കുമാറിനെ, നേഹ ശർമ എന്ന് സംശയിക്കപ്പെടുന്ന പാകിസ്താൻ ഏജന്‍റുമായി ഗൂഢാലോചന നടത്തിയതിന് യുപി എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. പല സെൻസിറ്റീവ് രേഖകളും സംബന്ധിച്ച് രവീന്ദ്രകുമാറിന് അറിവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദൈനംദിന പ്രൊഡക്ഷൻ റിപ്പോർട്ടുകൾ, സ്‌ക്രീനിങ് കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ കത്തുകൾ, തീർപ്പാക്കാത്ത അഭ്യർഥന പട്ടിക, ഡ്രോണുകൾ, ഗഗൻയാൻ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങൾ ഐഎസ്‌ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാൾ പങ്കിട്ടതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.

പരിശോധനയിൽ രവീന്ദ്രയുടെ മൊബൈലിൽനിന്ന് പല നിർണായക വിവരങ്ങളും എടിഎസ് ഉദ്യോ​ഗസ്ഥർ കണ്ടെത്തി. ഓർഡനൻസ് ഫാക്ടറിയിലെയും 51 ഗൂർഖ റൈഫിൾസ് റെജിമെന്‍റിലെയും മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ലോജിസ്റ്റിക്സ് ഡ്രോൺ പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഉൾപ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്‌ഐ ഏജന്‍റുമാരുമായി ഇയാൾ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.

Similar Posts