< Back
India
കടം നൽകിയ 200 രൂപ തിരികെ ചോദിച്ചതിന് വിദ്യാർഥിക്ക് ക്രൂരമർദ്ദനം
India

കടം നൽകിയ 200 രൂപ തിരികെ ചോദിച്ചതിന് വിദ്യാർഥിക്ക് ക്രൂരമർദ്ദനം

Web Desk
|
21 Dec 2023 3:56 PM IST

ഉത്തർപ്രദേശിലെ ഝാൻസിയിലാണ് 16 വയസുകാരന് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്

ലഖ്നൗ: കടം നൽകിയ 200 രൂപ തിരികെ ചോദിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിയെ സഹപാഠികൾ മദ്യം കുടിപ്പിച്ച ശേഷം നഗ്നനാക്കി മർദിച്ചു. മർദിക്കുന്നതിന്റെ വീഡിയോ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് 16 വയസുകാരന് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്.

അക്രമികൾ ബെൽറ്റുകളും വടികളും ഉപയോഗിച്ച് തന്നെ മർദിക്കുകയും ആക്രമണം ഫോണിൽ പകർത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി കുട്ടി പോലീസിനോട് പറഞ്ഞു. പ്രതികൾ കുട്ടിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നതു പുറത്തുവന്ന വീഡിയോകളിൽ വ്യക്തമാണ്. ​വെറുതെ വിടാൻ അപേക്ഷിക്കുമ്പോൾ, മുഖത്ത് അടിക്കുന്നതും കാണാം.

വിഡിയോ വൈറലായതിന് പിന്നാലെയാണ് വിദ്യാർഥിയും കുടുംബവും പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേ​സെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

കടം നൽകിയ തുക തിരികെ ചോദിച്ചതിനെ തുടർന്ന് രണ്ടുമാസം മുന്നേ വിദ്യാർഥിയും സഹപാഠിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തിങ്കളാഴ്ച വിദ്യാർഥിയും സുഹൃത്തും പാർക്കിലിരിക്കുമ്പോഴാണ് കടം വാങ്ങിയയാളുൾപ്പടെ നാല് സഹപാഠികൾ ചേർന്ന് തന്നെ കാറിനുള്ളിലേക്ക് വലിച്ചിഴച്ച് കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഒരു കാട്ടിനുള്ളിൽ എത്തിച്ചശേഷം മറ്റ് രണ്ടുപേരും കൂടി ​ചേർന്നാണ് തന്നെ നിർബന്ധിച്ച മദ്യം കുടിപ്പിച്ച് മർദ്ദിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകിയാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Similar Posts