< Back
India
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ അപേക്ഷ ഫീസ് 11000 രൂപ!
India

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവാന്‍ അപേക്ഷ ഫീസ് 11000 രൂപ!

Web Desk
|
16 Sept 2021 5:57 PM IST

"ഫീസ് ഏർപ്പെടുത്തുന്നതോടെ തെരഞ്ഞെടുപ്പു പ്രക്രിയ ഗൗരവത്തോടെ കാണുന്നവര്‍ മാത്രമേ അപേക്ഷിക്കാനിടയുള്ളൂ"

ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ അപേക്ഷയോടൊപ്പം 11,000 രൂപ ഫീസും നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം.

യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവാണ് നിര്‍ദേശം വച്ചത്. ഫീസ് ഏർപ്പെടുത്തുന്നതോടെ തെരഞ്ഞെടുപ്പു പ്രക്രിയ ഗൗരവത്തോടെ കാണുന്നവര്‍ മാത്രമേ അപേക്ഷിക്കാനിടയുള്ളൂ. സ്ഥാനാർഥി നിർണയത്തിലെ സങ്കീർണത കുറക്കുക, തെരഞ്ഞെടുപ്പുപ്രക്രിയ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമുണ്ടെന്ന് യു.പി.സി.സി മീഡിയ കൺവീനർ ലാലൻ കുമാർ പറഞ്ഞു.

തുക സമാഹരിക്കാൻ ജില്ലാ, സിറ്റി കോൺഗ്രസ് കമ്മിറ്റി നേതാക്കളെ അജയ് കുമാര്‍ ലല്ലു ചുമതലപ്പെടുത്തി. സംസ്ഥാനതലത്തിൽ സഞ്ജയ് ശർമക്കും വിജയ് ബഹാദൂറിനുമാണ് ചുമതല. പണസമാഹരണത്തിലെ സുതാര്യത ഉറപ്പുവരുത്താൻ ആർ.ടി.ജി.എസ്, മണി ഓർഡർ അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് പണം സ്വീകരിക്കുക. അപേക്ഷകർക്ക് രസീത് ലഭിക്കും. സെപ്തംബര്‍ 25 വരെ അപേക്ഷിക്കാം.

എന്നാൽ, സ്ഥാനാർഥിത്വം നിഷേധിച്ചാൽ പണം തിരികെനൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 403ൽ ഏഴുസീറ്റുകള്‍ മാത്രമാണ് പാർട്ടി നേടിയത്.

Similar Posts