< Back
India
യു.പിയില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്: കർശന നിർദേശവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം
India

യു.പിയില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്: കർശന നിർദേശവുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം

Web Desk
|
16 Jan 2022 6:34 AM IST

മൂന്നു ദിവസത്തിനിടയിൽ അപ്രതീക്ഷിതമായി മൂന്ന് മന്ത്രിമാര്‍ ഉൾപ്പെടെ എൻ.ഡി.എ വിട്ടത് 15 എം.എൽ.എമാരാണ്.

ഉത്തർപ്രദേശിൽ മന്ത്രിമാർ അടക്കമുള്ള നേതാക്കളുടെ പാർട്ടി വിടൽ തടയാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമം ഊർജിതമാക്കി. ഇതിനായി ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും യു.പി നേതൃത്വത്തെ ബന്ധപ്പെട്ടു. അതേസമയം പ്രധാന പാർട്ടികളൊക്കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ശക്തമായി.

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെയാണ് ബി.ജെ.പിക്ക് വൻ തിരിച്ചടിയായി മന്ത്രിമാർ ഉൾപ്പെടെയുള്ള എം.എൽ.എമാർ പാർട്ടി വിടുന്നത് തുടങ്ങിയത്. യോഗി ഭരണത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു പാർട്ടിയിൽ നിന്നുള്ള പുറത്തുപോക്ക്. മൂന്നു ദിവസത്തിനിടയിൽ അപ്രതീക്ഷിതമായി മൂന്ന് മന്ത്രിമാര്‍ ഉൾപ്പെടെ എൻ.ഡി.എ വിട്ടത് 15 എം.എൽ.എമാരാണ്.

ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് കർശന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും കൊഴിഞ്ഞുപോക്ക് ബിജെപിയുടെ സ്ഥാനാർഥി നിർണയത്തെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ജനുവരി 20 വരെ ഓരോ ദിവസവും ഒരു മന്ത്രിയും 3 എം.എൽ.എമാരും ബിജെപി വിടുമെന്ന് രാജിവെച്ച മന്ത്രി ധരംസിങ് സയ്നിയുടെ മുന്നറിയിപ്പ് പാർട്ടി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.

ബി.ജെ.പിയും സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ബി.എസ്.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണവും ശക്തമായി. പൊതുപരിപാടികൾക്കും റാലികൾക്കുമെല്ലാം കോവിഡ് മൂലം നിയന്ത്രമുള്ളതിനാൽ വീടുകൾ കയറിയുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ഓൺലൈൻ വഴിയുള്ള വോട്ടഭ്യർഥനയും സജീവമാണ്.

Similar Posts