< Back
India
കൻവാർ യാത്രാ പാതയിൽ ഉടമകളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ക്യൂആർ കോഡുമായി യുപി സർക്കാർ
India

കൻവാർ യാത്രാ പാതയിൽ ഉടമകളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ക്യൂആർ കോഡുമായി യുപി സർക്കാർ

Web Desk
|
6 July 2025 3:58 PM IST

കടയുടമകളുടെ പേരും മതവും പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന സുപ്രിം കോടതി നിർദേശം വന്നതിന് ഒരു വർഷത്തിന് ശേഷമാണ് പുതിയ മാർഗവുമായി ഉത്തർപ്രദേശ് സർക്കാർ എത്തിയിരിക്കുന്നത്

ഉത്തർപ്രദേശ്:കൻവാർ യാത്രാ വഴിയിൽ കടകളുടെയും ധാബകളുടെയും ഉടമകളെ പേരും മതവും പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന സുപ്രിം കോടതി നിർദേശം വന്നതിന് ഒരു വർഷത്തിന് ശേഷം പുതിയ മാർഗവുമായി ഉത്തർപ്രദേശ് സർക്കാർ. തീർത്ഥാടന പാതയിലുള്ള ഭക്ഷണശാലകളിൽ രജിസ്റ്റർ ചെയ്ത പേരുകളും ക്യുആർ കോഡുകളും കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് ഭക്ഷ്യസുരക്ഷാ, മരുന്ന് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ഫീഡ്‌ബാക്ക് നൽകാനും പരാതികൾ രജിസ്റ്റർ ചെയ്യാനും സഹായിക്കുന്നതിനാണ് QR കോഡുകൾ ഉദേശിച്ചിട്ടുള്ളതെങ്കിലും വാസ്തവത്തിൽ അവ ഉടമയുടെ പേരും, അതുവഴി മതവും വെളിപ്പെടുത്തുന്നു. 'ആർക്കും ഇപ്പോൾ കോഡ് സ്കാൻ ചെയ്ത് ആ സ്ഥലം ആരുടേതാണെന്ന് അറിയാൻ കഴിയും.' വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ രേഖാമൂലം പറഞ്ഞതായി ദി ഒബ്സർവേർ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം ഐഡന്റിറ്റി വെളിപ്പെടുത്തലുകൾ നിർബന്ധിക്കാൻ ശ്രമിച്ചതിന് യോഗി ആദിത്യനാഥ് സർക്കാരിനെ സുപ്രിം കോടതി വിമർശിച്ചിരുന്നു. ശൈവ തീർത്ഥാടന പാതയിലെ കടകളിലും ധാബകളിലും ഉടമയുടെ പേരുകൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാന ഉത്തരവ് കോടതി സ്റ്റേ ചെയ്തു. അക്രമവും സാമ്പത്തിക ബഹിഷ്‌കരണവും ഭയന്ന് നിരവധി മുസ്‌ലിം വ്യാപാരികൾ കോടതിയെ സമീപിച്ചിരുന്നു.

'മുസ്‌ലിംകളെ അടയാളപ്പെടുത്താനുള്ള ഒരു പിൻവാതിൽ മാർഗമാണിത്.' കഴിഞ്ഞ വർഷം ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. 'സുപ്രീം കോടതി ഉത്തരവിന്റെ ആത്മാവും അക്ഷരവും ഇത് ലംഘിക്കുന്നു. ആശയം ഇപ്പോഴും ഒന്നുതന്നെയാണ്: തിരിച്ചറിയുക, ഒറ്റപ്പെടുത്തുക, ഭീഷണിപ്പെടുത്തുക.' അഭിഭാഷകൻ കൂട്ടിച്ചേർത്തു.

Similar Posts