< Back
India
ബി.ജെ.പി എം.എൽ.എമാർ ഉൾപ്പെട്ട അയോധ്യ ഭൂമിയിടപാട്; അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ
India

ബി.ജെ.പി എം.എൽ.എമാർ ഉൾപ്പെട്ട അയോധ്യ ഭൂമിയിടപാട്; അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ

Web Desk
|
23 Dec 2021 10:46 AM IST

ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു

അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് നടക്കുന്ന ഭൂമിയിടപാടിനെ കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ ഉത്തരവിട്ടു. ബി.ജെ.പി എം.എൽ.എമാരും അയോധ്യയിലെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും ക്ഷേത്രപരിസരത്തെ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.ഇതോടെയാണ് ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2019 നവംബർ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് വൻ ഭൂമിക്കച്ചവടം നടന്നത്. രാമക്ഷേത്രം നിർമാണം നടക്കുമ്പോൾ ഈ ഭാഗങ്ങളിൽ കൂടുതൽ ഭൂമികൾ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ക്ഷേത്രം നിർമിക്കുന്നതിന് അഞ്ചുകിലോമീറ്റർ ചുറ്റളവിലെ ഭൂമികൾ ഉന്നതരും അവരുടെ ബന്ധുക്കളും വാങ്ങിക്കൂട്ടിയത്. ചിലർ സ്വന്തം പേരിലും മറ്റു ചിലർ ബന്ധുക്കളെ ബിനാമിയാക്കിയുമാണ് ഭൂമി സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ വന്നത്. എംഎൽഎമാർക്ക് പുറമെ അയോധ്യ മേയർ, സംസ്ഥാന ഒബിസി കമ്മീഷൻ അംഗം , ഡിവിഷണൽ കമ്മീഷണർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, സർക്കിൾ ഓഫീസർ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ, മറ്റു റവന്യു ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ദളിതരായ ഗ്രാമവാസികളിൽ നിന്ന് ഭൂമിഅനധികൃതമായി തട്ടിയെടുത്തെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഇവിടെ ഭൂമി വാങ്ങിയിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.

Similar Posts