< Back
India
ക്ലാസ് മുറിയിൽ വെച്ച് ഫോണില്‍ പാട്ട് കേട്ട് മുടിയിൽ എണ്ണ തേച്ച് അധ്യാപിക; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ
India

ക്ലാസ് മുറിയിൽ വെച്ച് ഫോണില്‍ പാട്ട് കേട്ട് മുടിയിൽ എണ്ണ തേച്ച് അധ്യാപിക; വിഡിയോ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ

Web Desk
|
23 July 2025 11:03 AM IST

കുട്ടികളെല്ലാം നിശബ്ദരായി അധ്യാപികയെ നോക്കി ഇരിക്കുന്നതും വിഡിയോയിൽ കാണാം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സർക്കാർ സ്‌കൂൾ അധ്യാപിക ക്ലാസ് മുറിയിൽവെച്ച് മുടിയിൽ എണ്ണ തേക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.പഴയ ഹിന്ദി ഗാനം ഫോണിൽ കേട്ടുകൊണ്ടാണ് അധ്യാപിക എണ്ണ തേക്കുന്നത്. ഖുർജ ബ്ലോക്കിലെ മുണ്ടഖേഡ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ജൂലൈ 19 നാണ് ഈ വിഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.

കുട്ടികളെല്ലാം നിശബ്ദരായി അധ്യാപികയെ നോക്കി ഇരിക്കുന്നതും വിഡിയോയിൽ കാണാം.ക്ലാസ് നടക്കുന്ന സമയത്താണ് അധ്യാപിക കസേരയിലിരുന്ന് എണ്ണതേക്കുന്നത്. ഫോണില്‍ സിനിമാഗാനത്തിന്‍റെ വിഡിയോ കണ്ട് പാട്ട് സ്പീക്കറില്‍ കേട്ടാണ് അധ്യാപിക ആസ്വദിക്കുന്നത്.

വിഡിയോ വൈറലായതിന് പിന്നാലെ അധ്യാപികക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. തൊട്ടുപിന്നാലെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ലക്ഷ്മികാന്ത് പാണ്ഡെ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സസ്‌പെൻഷൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ലക്ഷ്മികാന്ത് പാണ്ഡെ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഉത്തർപ്രദേശിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ പോരായ്മയാണ് ഈ വിഡിയോ എന്നായിരുന്നു സോഷ്യൽമീഡിയയിലെ വിമർശനം. അധ്യാപികയെ ഉടൻ സസ്‌പെൻഡ് ചെയ്യണം.വീട്ടിലിരുന്ന് അവർക്ക് എന്തുവേണമെങ്കിലും ചെയ്യാമായിരുന്നില്ലേയെന്നും ചിലർ ചോദിക്കുന്നു.

'നമ്മുടെ സർക്കാർ സ്‌കൂളുകളിൽ, അധ്യാപകർ മല്ലിയില, ചീര, വെളുത്തുള്ളി എന്നിവ തൊലി കളയുമ്പോൾ പുരുഷ ജീവനക്കാർ ചായ കുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നു.ഇവിടെ അധ്യാപിക മുടിയിൽ എണ്ണ തേക്കുകയായിരുന്നുവെന്നും' ചിലർ വിമർശിച്ചു.

'സർക്കാർ സ്‌കൂളുകളുടെ ദുഃഖകരമായ യാഥാർത്ഥ്യമാണിത്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ശ്രദ്ധയുമാണ് വേണ്ടത്. എന്നാൽഅധ്യാപകർ ക്ലാസ്സിൽ ഓയിൽ മസാജ് ചെയ്യുന്നതിലും സംഗീതം ആസ്വദിക്കുന്നതിന്റെയും തിരക്കിലാണ്. ഈ അശ്രദ്ധയ്ക്ക് ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?'..ഒരാൾ ചോദിച്ചു.

കുട്ടികൾ അവരുടെ അധ്യാപിക മുടിയിൽ എണ്ണ തേക്കുന്നത് കാണാൻവേണ്ടിയാണ് ഇരിക്കുന്നത്. പഠിക്കാൻ കൊടുത്തില്ലെങ്കിലും കുട്ടികളെ കളിക്കാനെങ്കിലും വിടാമായിരുന്നെന്നാണ് മറ്റൊരാളുടെ കമന്റ്.

Similar Posts