< Back
India
Lucknow,UP groom,യുപി,വധു അപ്രത്യക്ഷം,യുപി കല്യാണം,
India

വിവാഹദിവസം ബാൻഡും മേളവുമായി വരനെത്തി, വധുവും വീട്ടുകാരും അപ്രത്യക്ഷം; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

Web Desk
|
15 July 2024 10:30 AM IST

അന്വേഷിച്ചപ്പോൾ അങ്ങനെയൊരു യുവതിയോ വീട്ടുകാരോ ഇല്ലെന്ന് പ്രദേശവാസികൾ

ഉന്നാവോ: കൊട്ടും പാട്ടുമായി വധുവിന്റെ വീട്ടിലേക്കെത്തിയ വരനും സംഘവും ഒടുവിൽ ചെന്നെത്തിയത് പൊലീസ് സ്റ്റേഷനിൽ. വധു നൽകിയ വിലാസം ലക്ഷ്യമാക്കിയായിരുന്നു വരനും വീട്ടുകാരും എത്തിയത്.എന്നാൽ ആ പ്രദേശത്ത് അങ്ങനെയൊരു പെൺകുട്ടിയോ വീട്ടുകാരോ ഇല്ലെന്ന് പ്രദേശവാസികൾ പറഞ്ഞതോടെയാണ് എന്തു ചെയ്യണമെന്നറിയാതെ ഇവർക്ക് മടങ്ങേണ്ടി വന്നത്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്.

സോനു എന്ന യുവാവ് കാജൽ എന്ന യുവതിയുമായി ചണ്ഡീഗഢിൽ വച്ചാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്കും മാറി. പിന്നീട് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കാജലിന്റെ പിതാവ് ശീഷ്പാലുമായി ഫോണിൽ സംസാരിക്കുകയും അദ്ദേഹം വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ജൂലൈ 11 നായിരുന്നു വിവാഹ തീയതി ഉറപ്പിച്ചത്. എന്നാൽ ഇരുവരും അതുവരെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും വിവാഹത്തിനായി വീട്ടിലേക്ക് എത്തിയാൽ മതിയെന്നുമായിരുന്നു വധു പറഞ്ഞത്. ഇതുപ്രകാരം വരന്റെ വീട്ടിലും ഒരുക്കങ്ങൾ നടത്തുകയും ബന്ധുക്കളെല്ലാം ഒത്തുകൂടുകയും ചെയ്തു. വിവാഹത്തലേന്നും കാജലിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായി സോനു പറയുന്നു.

ഈ സംഭാഷണത്തിന് ശേഷം കാജലിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഞായറാഴ്ച വധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഖ്നൗവിലെ റഹിമാബാദ് ഏരിയയിൽ വരനും സംഘവും ഘോഷയാത്രയുമായി എത്തി. എന്നാൽ ആ വിലാസത്തിൽ അങ്ങനെയൊരാളില്ലായിരുന്നു. രാത്രി മുഴുവൻ വധുവിനെയും പിതാവിനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

വരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ലഖ്നൗ പൊലീസ് ജോയിന്റ് കമ്മീഷണർ ആകാശ് കുൽഹാരി പറഞ്ഞു.കാണാതായ കാജലിനെയും കുടുംബത്തെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts