< Back
India
എച്ച്.ഐ.വി ബാധിതയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു; കുഞ്ഞ് മരിച്ചതായി കുടുംബം
India

എച്ച്.ഐ.വി ബാധിതയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു; കുഞ്ഞ് മരിച്ചതായി കുടുംബം

Web Desk
|
23 Nov 2022 11:08 AM IST

ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം

ഫിറോസാബാദ്: എച്ച്.ഐ.വി ബാധിതയായ ഗര്‍ഭിണിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി കുടുംബത്തിന്‍റെ ആരോപണം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.

പ്രസവ വേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ യുവതി എച്ച്.ഐ.വി ബാധിതയാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് ആശുപത്രി മേധാവി ഇടപെട്ടതോടെയാണ് ഡോക്ടര്‍മാര്‍ അയഞ്ഞത്. യുവതി പ്രസവിച്ചെങ്കിലും പ്രസവത്തോടെ കുഞ്ഞു മരിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരിക്കുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയാണ് 20 കാരിയായ യുവതിയെ മാതാപിതാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ''ഞങ്ങളാദ്യം അവളെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ നില ഗുരുതരമാണെന്നും 20,000 വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. അത്രയും പണം ഞങ്ങളുടെ കയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വേദന കൊണ്ടു പുളയുമ്പോഴും ഡോക്ടര്‍മാര്‍ അവളെ ഒന്നു തൊടാന്‍ പോലും തയ്യാറായില്ല. പിന്നീട് ആശുപത്രി മേധാവിയോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഇടപെട്ടാണ് രാത്രി 9.30 ഓടെ അവളെ ഓപ്പറേഷന് വിധേയയാക്കിയത്'' യുവതിയുടെ പിതാവ് പറഞ്ഞു. ആറു മണിക്കൂറോളം അവള്‍ വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു, ഒരു ഡോക്ടര്‍ പോലും തിരിഞ്ഞു നോക്കിയില്ല..പിതാവ് കൂട്ടിച്ചേര്‍ത്തു.

കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയ ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനുമായി ബന്ധപ്പെട്ട ഒരു എൻജിഒയുടെ ഫീൽഡ് ഓഫീസറാണ് സംഭവത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത്. ''ഉച്ചക്ക് 3 മണിക്കാണ് അവളെ അഡ്മിറ്റ് ചെയ്തത്. അവളെ സ്ട്രച്ചറില്‍ കയറ്റിയ ശേഷം ആരും അവളെ നോക്കുക പോലും ചെയ്തില്ല'' ഓഫീസര്‍ പറഞ്ഞു.

Related Tags :
Similar Posts