< Back
India
couple got married at a temple
India

മീററ്റ് കൊലപാതകം പോലെയാകുമോ എന്ന് പേടി; കാമുകനുമായി ഭാര്യയുടെ വിവാഹം നടത്തി ഭര്‍ത്താവ്

Web Desk
|
27 March 2025 8:15 PM IST

ബബ്‍ലുവാണ് ഭാര്യ രാധികയുടെയും വിശാൽകുമാറിന്‍റെയും കല്യാണം നടത്തിക്കൊടുത്തത്

ലഖ്നൗ: ഉത്തര്‍പ്രദേശിൽ കാമുകനുമായി ഭാര്യയുടെ വിവാഹം നടത്തി ഭര്‍ത്താവ്. മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്വന്തം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഭാര്യയെ വിവാഹം കഴിപ്പിച്ചത്.

ധങ്ഘ്ത പൊലീസ് സ്റ്റേഷൻ പരിധിയിലെ കട്ടർ മിശ്ര ഗ്രാമത്തിൽ താമസിക്കുന്ന ബബ്‍ലുവാണ് ഭാര്യ രാധികയുടെയും വിശാൽകുമാറിന്‍റെയും കല്യാണം നടത്തിക്കൊടുത്തത്. തിങ്കളാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. 2017ലായിരുന്നു കൂലിപ്പണിക്കാരനായ ബബ്‍ലുവും ഗോരഖ്പൂർ ജില്ലയിൽ നിന്നുള്ള രാധികയും തമ്മിലുള്ള വിവാഹം. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി രാധികയും അതേ ഗ്രാമത്തിൽ നിന്നുള്ള വിശാലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞ ബബ്‍ലു വിശാലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും രാധിക സമ്മതിച്ചില്ല. സാഹചര്യം വഷളാക്കുന്നതിന് പകരം ബബ്‍ലു ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.

തിങ്കളാഴ്ച ഗ്രാമവാസികളുടെ സാന്നിധ്യത്തിൽ ഒരു ക്ഷേത്രത്തിൽ വച്ച് രാധികയും വിശാലും വിവാഹിതരാവുകയും ചെയ്തു. "എനിക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഞാൻ അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. സമീപ ദിവസങ്ങളിൽ, ഭർത്താക്കന്മാരെ ഭാര്യമാർ കൊലപ്പെടുത്തുന്ന വാര്‍ത്തകൾ കണ്ടില്ലേ," ബബ്‍ലു പിടിഐയോട് പറഞ്ഞു. "മീററ്റിൽ സംഭവിച്ചത് കണ്ടതിനുശേഷം ഞങ്ങൾക്ക് രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്നതിനായി എന്‍റെ ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിക്കാൻ ഞാൻ തീരുമാനിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കുട്ടികളുടെയും സംരക്ഷണം ബബ്‍ലു ഏറ്റെടുത്തു. രാധികയും താനും വിവാഹമോചിതരല്ലാത്തതിനാൽ വിവാഹത്തിന്‍റെ നിയമസാധുതയെക്കുറിച്ച് ചോദിച്ചപ്പോൾ, ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നും കുടുംബാംഗങ്ങൾക്ക് ആർക്കും എതിർപ്പില്ലെന്നും അതിനാൽ വിവാഹം നിയമപരമാണെന്നും അദ്ദേഹം വാദിച്ചു.

മാര്‍ച്ച് 3നാണ് മര്‍ച്ചന്‍റ് നേവി മുൻ ഉദ്യോഗസ്ഥനായ രജ്‍പുത്തിനെ ഭാര്യ മുസ്കാൻ റോസ്തഗിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം ഡ്രമ്മിലാക്കി അടച്ച് സിമന്‍റ് തേയ്ക്കുകയുമായിരുന്നു. മുസ്‌കന്‍ സൗരഭിന് മയക്കുമരുന്ന് കുത്തി വച്ച് ബോധം കെടുത്തി. മുസ്‌കനും കാമുകൻ സഹിലും ചേര്‍ന്ന് അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിച്ച് സിമന്‍റ് ഉപയോഗിച്ച് ഡ്രമ്മിനുള്ളിൽ അടച്ചു. പിന്നീട് ഇരുവരും അവധിക്കാലം ആഘോഷിക്കാനായി ഹിമാചൽപ്രദേശിലേക്ക് പോവുകയും രജ്പുതിന്‍റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹത്തിന്‍റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ചിരുന്നു. മാര്‍ച്ച് 18ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.

Similar Posts