
Photo| Special Arrangement
രണ്ടാം ഭാര്യ വീട്ടിൽനിന്ന് തിരിച്ചുവരാൻ വിസമ്മതിച്ചു; യുപിയിൽ യുവാവ് ജീവനൊടുക്കി
|സീതാപൂരിലെ കോൺസ്റ്റബിളിന്റെ മൂത്ത മകനാണ് 30കാരനായ യുവാവ്.
ലഖ്നൗ: വീട്ടിൽ പോയ ഭാര്യ തിരിച്ചുവരാൻ വിസമ്മതിച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ ജിവുത്പുരയിൽ തിങ്കളാഴ്ചയാണ് സംഭവം. രാഹുൽ യാദവ് എന്ന 30കാരനാണ് ആത്മഹത്യ ചെയ്തത്.
യുവാവിനെ തിങ്കളാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
സീതാപൂരിലെ കോൺസ്റ്റബിളായ കോമൾ യാദവിന്റെ മൂത്ത മകനാണ് രാഹുൽ യാദവ്. യുവാവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച ശേഷം അഞ്ച് മാസം മുമ്പാണ് രാഹുൽ പുനർ വിവാഹം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയോട് തിരികെ വരാൻ രാഹുൽ പലതവണ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ലെന്ന് കുടുംബത്തെ ഉദ്ധരിച്ച് എസ്എച്ച്ഒ പറഞ്ഞു. ഇതോടെയാണ് മനോവിഷമത്തിലായ രാഹുൽ ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് കുടുംബം പറഞ്ഞതായും മരണത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.