< Back
India
യു.പിയിൽ മക്കളുടെ കൺമുന്നിൽ പിതാവിനെ വെടിവച്ച് കൊന്നു
India

യു.പിയിൽ മക്കളുടെ കൺമുന്നിൽ പിതാവിനെ വെടിവച്ച് കൊന്നു

Web Desk
|
5 Jun 2024 10:18 PM IST

ഒരു ക്ലബ്ബിലെ സ്വിമ്മിങ് പൂളിന് സമീപത്തുവച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ലഖ്നൗ: പ്രായപൂർത്തിയാവാത്ത മക്കളുടെ കൺമുന്നിൽ പിതാവിനെ പോയിന്റ്ബ്ലാങ്കിൽ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഒരു ക്ലബ്ബിലെ സ്വിമ്മിങ് പൂളിന് സമീപത്തുവച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സെയ്ദി ഫാമിലെ തുണി വ്യാപാരിയായ അർഷാദ് (32) ആണ് കൊല്ലപ്പെട്ടത്. രണ്ട് പെൺമക്കൾക്കും മകനുമൊപ്പം വൈകുന്നേരം ക്ലബ്ബിലെത്തിയതായിരുന്നു അർഷാദ്. അയൽവാസിയായ ബിലാലും ഇവിടെ എത്തിയിരുന്നു.

ഇവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ പിടിച്ചുമാറ്റുകയും ചെയ്യുന്നതിനിടെ ബിലാൽ അർഷാദിന്റെ തലയ്ക്ക് പോയിന്റ് ബ്ലാങ്കിൽ വെടിവച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവച്ചതോടെ എല്ലാവരും പേടിച്ച് ഓടുന്നതും മൂന്ന് കുട്ടികളും ഓടിവന്ന് പിതാവിനെ നോക്കി നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ചിലർ ഓടിയെത്തി അർഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന ബിലാലിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും ദിവസം മുമ്പ് പണത്തെ ചൊല്ലി ബിലാലും അർഷാദും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിന്റെ ബാക്കിയായിരുന്നു ക്ലബ്ബിലുണ്ടായത്. ഇരുവർക്കുമെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.



Similar Posts