< Back
India
UP man throws stones at train passengers to steal their phones, arrested
India

യാത്രക്കാരുടെ ഫോൺ തട്ടാൻ ട്രെയിനിന് നേരെ കല്ലേറ്; യു.പിയിൽ യുവാവ് അറസ്റ്റിൽ

Web Desk
|
27 Sept 2024 2:45 PM IST

ട്രെയിൻ പ്രയാഗ്‌രാജിലെ യമുന പാലത്തിന് സമീപമെത്തിയപ്പോഴാണ് ​ഇയാൾ കല്ലെറിഞ്ഞത്.

ലഖ്നൗ: യാത്രക്കാരുടെ കൈയിൽനിന്ന് ഫോൺ തട്ടിയെടുക്കാൻ ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. യുപിയിലെ പ്രയാഗ്‌രാജിൽ സീമാഞ്ചൽ എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ​ഗോലു എന്നയാളാണ് പിടിയിലായത്. ട്രെയിനിന്റെ വാതിലിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നവരുടെ കൈയിൽനിന്ന് ഫോൺ താഴെ വീഴ്ത്തി തട്ടിയെടുക്കാനായിരുന്നു കല്ലേറ്.

തിങ്കളാഴ്ചയായിരുന്നു സംഭവം. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ വ്യാഴാഴ്ച വൈകിട്ട് ഗൗഘട്ട് റെയിൽവേ ലൈനിൻ്റെ സമീപത്തു വച്ചാണ് പ്രതി പിടിയിലായത്. ട്രെയിൻ പ്രയാഗ്‌രാജിലെ യമുന പാലത്തിന് സമീപമെത്തിയപ്പോഴാണ് ​ഇയാൾ കല്ലെറിഞ്ഞത്. കല്ലേറിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ പ്രതിക്കെതിരെ റെയിൽവേ ആക്ട് 153, 147 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ട്രെയിനിൽ വാതിലിനടുത്തുനിന്ന് യാത്ര ചെയ്യുന്ന ആളുകളുടെ മൊബൈൽ ഫോണുകൾ തട്ടിയെടുക്കാനായിരുന്നു കല്ലെറിഞ്ഞതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. 27കാരനായ പ്രതിക്കെതിരെ ജിആർപി സ്റ്റേഷനിൽ മുമ്പ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Similar Posts