< Back
India
ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ല; അവർ രാജ്യം വിടണം: യു.പി മന്ത്രി
India

ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ല; അവർ രാജ്യം വിടണം: യു.പി മന്ത്രി

Web Desk
|
29 April 2022 4:57 PM IST

ഹിന്ദി ഭാഷ സംബന്ധിച്ച് ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ കിച്ച സുദീപും തമ്മിലുള്ള വാക്‌പോരിനെക്കുറിച്ച് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു യു.പി ഫിഷറീസ് മന്ത്രിയായ സഞ്ജയ് നിഷാദിന്റെ പ്രതികരണം.

ലഖ്‌നൗ: ഹിന്ദി ഭാഷാ പ്രചാരണം സംബന്ധിച്ച ചർച്ചകൾക്കിടെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദിയെ സ്‌നേഹിക്കാത്തവർ വിദേശികളാണ്. ഹിന്ദി സംസാരിക്കാത്തവർ ഇന്ത്യവിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ സംബന്ധിച്ച് ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ കിച്ച സുദീപും തമ്മിലുള്ള വാക്‌പോരിനെക്കുറിച്ച് മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു യു.പി ഫിഷറീസ് മന്ത്രിയായ സഞ്ജയ് നിഷാദിന്റെ പ്രതികരണം.

''ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഹിന്ദിയെ സ്‌നേഹിക്കണം. ഹിന്ദിയെ സ്‌നേഹിക്കാത്തവരെ വിദേശിയായോ വിദേശ ശക്തികളുമായി ബന്ധമുള്ള ആളായോ കണക്കാക്കും. പ്രാദേശിക ഭാഷകളോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്, പക്ഷെ ഈ രാജ്യം ഒന്നാണ്, പക്ഷെ ഭരണഘടന പറയുന്നത് ഇന്ത്യ 'ഹിന്ദുസ്ഥാൻ' ആണെന്നാണ്. ഹിന്ദി സംസാരിക്കുന്നവരുടെ നാട് എന്നാണ് അതുകൊണ്ട് അർഥമാക്കുന്നത്. ഹിന്ദുസ്ഥാൻ ഹിന്ദി സംസാരിക്കാത്തവർക്കുള്ള സ്ഥലമല്ല. അവർ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കണം''-സഞ്ജയ് നിഷാദ് പറഞ്ഞു.

നടൻമാരായ അജയ് ദേവ്ഗണും കിച്ച സുദീപും തമ്മിലുള്ള വാക്‌പോരാണ് ഹിന്ദി സംബന്ധിച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്. ഇപ്പോഴത്തെ പാൻ ഇന്ത്യൻ ചിത്രങ്ങൾ കണക്കിലെടുത്താൽ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാനാകില്ലെന്നായിരുന്നു സുദീപിന്റെ പ്രസ്താവന. പാൻ ഇന്ത്യ സിനിമകളെന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങൾ തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലും റീമേക്ക് ചെയ്താലും ഇന്ന് വിജയിക്കുന്നില്ല. എന്നാൽ തെന്നിന്ത്യൻ സിനിമകളാകട്ടെ ഹിന്ദിയിൽ മൊഴിമാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോർഡുകൾ തകർക്കുന്നു. ഇപ്പോഴത്തെ പാൻ ഇന്ത്യൻ ചിത്രങ്ങൾ കണക്കിലെടുത്താൽ ഹിന്ദിയെ എങ്ങനെ ദേശീയ ഭാഷയെന്ന് പറയാനാവുമെന്നായിരുന്നു സുദീപിന്റെ ചോദ്യം.

പിന്നാലെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ അജയ് ദേവ്ഗൺ, ഹിന്ദി ദേശീയ ഭാഷയാണെന്ന കാര്യം താരം മറക്കരുതെന്ന് ചൂണ്ടികാട്ടി. ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കിൽ കന്നഡ ചിത്രങ്ങൾ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്നും അജയ് ദേവഗൺ ചോദിച്ചു.

ഇതിനിടെ കിച്ച സുദീപിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിമാരായ കുമാരസ്വാമിയും സിദ്ധരാമയ്യയും രംഗത്തെത്തി. അജയ് ദേവ്ഗണിന്റെ പെരുമാറ്റം മണ്ടത്തരമാണെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഹൈപ്പർ സ്വഭാവം സൈബർ ഇടത്തിൽ പ്രകടിപ്പിക്കരുതെന്നും, ഇത്തരം പെരുമാറ്റം വെറും മണ്ടത്തരം മാത്രമാണെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

Similar Posts