വ്യാജ ഐഡന്‍റിറ്റികളും വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ഇന്‍ഷുറൻസ് തുക തട്ടിയെടുക്കും, കൊലപാതകം റോഡപകടമാക്കും; സംഭാലിലെ അന്തർ സംസ്ഥാന ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
|ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 67 ആയി
സംഭാൽ: ഉത്തര്‍പ്രദേശ് സംഭാലിലെ ഇന്‍ഷുറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഇന്‍ഷുറൻസ് മാഫിയ എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമായ പങ്കജ് കുമാർ ധാലിയെയാണ് ബുധനാഴ്ച സംഭാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 67 ആയി.
വ്യാജ രേഖകളും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ച് വ്യക്തിഗത വായ്പകളും ഇൻഷുറൻസ് ക്ലെയിമുകളും തട്ടിയെടുക്കുന്നതിൽ പങ്കജ് കുമാർ ധാലി ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഭാൽ പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‌ണോയ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് 33 പാൻ കാർഡുകൾ, 28 ആധാർ കാർഡുകൾ, 39 ചെക്ക് ബുക്കുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മുൻ കേസുകളിൽ ഉടമയെ കൊന്നാണ് ഇൻഷുറൻസ് തുക തട്ടിയെടുത്തതെങ്കിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കേസിൽ വ്യാജ തിരിച്ചറിയൽ കാര്‍ഡുകളും വ്യക്തിഗത രേഖകളും ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. മറ്റൊരു കേസിൽ ഡൽഹിയിൽ താമസിക്കുന്ന ദിവസ വേതന തൊഴിലാളിയായ ധർമ്മേന്ദ്രയുടെ ഐഡന്‍റിറ്റി ഉപയോഗിച്ച് ഫാലോൺ കേസ് ലാബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഷെൽ കമ്പനിയിലെ ജീവനക്കാരനാണെന്ന് വരുത്തുകയായിരുന്നു. ധര്‍മേന്ദ്രയുടെ പേരിൽ 12.5 ലക്ഷം രൂപയുടെയും 5 ലക്ഷം രൂപയും വായ്പ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.
ഇതേ കേസിൽ മുമ്പ് അറസ്റ്റിലായ ഷാരൂഖ് എന്നയാൾ ധർമേന്ദ്രയുടെ പേരിൽ ഒന്നിലധികം കമ്പനികളിലായി 90 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഉടമ മരിച്ചുവെന്ന് കാണിക്കാൻ ജിബി പന്ത് ആശുപത്രിയിൽ നിന്ന് വ്യാജ മരണ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. ഫെബ്രുവരിയിൽ ഷാരൂഖ് അറസ്റ്റിലായി.പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ തന്‍റെ വ്യാജ കമ്പനിയിലെ ജീവനക്കാരായി കാണിക്കാൻ വ്യാജ രേഖകൾ ഹാജരാക്കി വൻതോതിലുള്ള ഇൻഷുറൻസ് തട്ടിപ്പ് നടത്തിയതായും ധാലിക്കെതിരെ ആരോപണമുണ്ട്.
"ഇതൊരു വലിയ അന്തർസംസ്ഥാന ഇൻഷുറൻസ് തട്ടിപ്പ് റാക്കറ്റാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം, ഈ തട്ടിപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളിൽ 67 പേർ ജയിലിലടയ്ക്കപ്പെട്ടു. കൂടുതൽ അന്വേഷണം നടന്നുവരുന്നു, പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ പങ്കുവെക്കും," എസ്പി വിഷ്ണോയ് പറഞ്ഞു. ജൂൺ 5നാണ് സംഭാൽ ജില്ലയിലെ 100 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിപ്പ് കണ്ടെത്തുന്നത്. 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ തട്ടിപ്പിൽ ആരോഗ്യ പ്രവർത്തകർ, ആശ ജീവനക്കാർ, ഇൻഷുറൻസ് സ്ഥാപന ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നു.
മോട്ടോർ ഇൻഷുറൻസ് മുതൽ ആരോഗ്യ ഇന്‍ഷുറന്‍സില്‍ വരെ വ്യാജ രേഖകൾ ഉപയോഗിച്ച് ആധാർ ഡാറ്റയിൽ കൃത്രിമം കാണിച്ച് തട്ടിപ്പുകാര്‍ വ്യാജ ക്ലെയിമുകൾ ഫയൽ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. യുപി പൊലീസ് ഒട്ടേറെ ഇൻഷുറൻസ് കമ്പനികൾക്കാണ് ഇതുസംബന്ധിച്ച ക്ലെയിം വിവരങ്ങൾ പങ്കിടാൻ നോട്ടീസ് അയച്ചിരിക്കുന്നത്. പോളിസികൾ നേടുന്നതിനും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനുമായി വ്യാജമായതോ കൃത്രിമമായി നിർമ്മിച്ചതോ ആയ ആധാർ കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ വ്യാജ ഐഡന്റിറ്റികൾ സൃഷ്ടിക്കുന്നു. യുവാക്കളും ദരിദ്രരും ക്യാൻസര്‍ പോലുള്ള മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമാണ് ഇവരുടെ ലക്ഷ്യം. ഇവരുടെ പേരിൽ ഇൻഷുറൻസ് പോളിസികൾ എടുത്ത് വ്യാജ രേഖകൾ ചമച്ചും തുക തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ചില കേസുകളിൽ യുവാക്കളെ കൊലപ്പെടുത്തി മരണം റോഡപകടമാക്കി മാറ്റി നഷ്ടപരിഹാരം നേടിയെടുക്കുന്ന സംഭവങ്ങളുമുണ്ട്. യുപിയിലെ അമ്രോഹ, ബദൗൺ, മൊറാദാബാദ് തുടങ്ങിയ ജില്ലകളിൽ തട്ടിപ്പ് വ്യാപകമാണ്.