< Back
India
ബൈക്കിൽ ഐ ലവ് മുഹമ്മദ് സ്റ്റിക്കർ പതിപ്പിച്ചതിന് പിഴ ചുമത്തി യുപി പൊലീസ്; വ്യാപക വിമർശനം

Photo-@TheSiasatDaily

India

ബൈക്കിൽ 'ഐ ലവ് മുഹമ്മദ്' സ്റ്റിക്കർ പതിപ്പിച്ചതിന് പിഴ ചുമത്തി യുപി പൊലീസ്; വ്യാപക വിമർശനം

Web Desk
|
7 Oct 2025 8:41 PM IST

വിമർശനം കടുത്തതോടെ ഗതാഗത നിയമലംഘനത്തിനാണ് പിഴയെന്ന വിശദീകരണവുമായി യുപി പൊലീസ്‌

ലഖ്‌ന: ബൈക്കിൽ ഐ ലവ് മുഹമ്മദ് സ്റ്റിക്കർ പതിപ്പിച്ചതിന് പിഴ ചുമത്തി ഉത്തർപ്രദേശ് പൊലീസ്. ബൈക്കിൽ ഐ ലവ് മുഹമ്മദ് സ്റ്റിക്കർ പതിപ്പിച്ചതിന് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തടഞ്ഞുനിർത്തിയെന്നും ആക്ഷേപിച്ചുവെന്നും പിഴ ലഭിച്ച യുവാവ് പറയുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ എനിക്ക് പിഴ ചുമത്തുന്നതെന്നും ഏത് നിയമമാണ് ഞാൻ ലംഘിച്ചതെന്നും യുവാവ് ചോദിക്കുന്നുണ്ട്. നിങ്ങളുടെ വാഹനത്തിൽ ആക്ഷേപകരമായ സ്റ്റിക്കർ ഒട്ടിച്ചുവെന്നാണ് പൊലീസുകാരന്റ മറുപടി. 'ഐ ലവ് മുഹമ്മദ്' എങ്ങനെ ആക്ഷേപകരമാകുമെന്ന് ചോദിച്ചപ്പോൾ അതെ, അത് ആക്ഷേപകരമാണെന്നാണ് പൊലീസുകാരന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

നേരത്തെ 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകൾ നശിപ്പിച്ചതിനെ തുടർന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സംഘർഷമുണ്ടായിരുന്നു. പോസ്റ്ററുകൾ നശിപ്പിച്ചവരെ പിടികൂടുന്നതിന് പകരം അതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയായിരുന്നു പൊലീസ് നടപടി. ഇതിന്റെ തുടര്‍ച്ചയാണ് പൊലീസുകാരന്റെ നടപടി എന്നാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനം. അതേസമയം വിമര്‍ശനം കടുത്തതോടെ വിശദീകരണവുമായി യുപി പൊലീസ് രംഗത്ത് എത്തി.

ആരോപണങ്ങൾ വ്യാജമാണെന്നും ഗതാഗത നിയമലംഘനങ്ങൾക്കാണ് യുവാവിന് 7,500 രൂപ പിഴ ചുമത്തിയതെന്നും ബാഗ്പത് ട്രാഫിക് പൊലീസ് വിശദീകരിക്കുന്നു. അനധികൃത പാർക്കിംഗ് (സെക്ഷൻ 122/126 r/w 177 MV ആക്ട്), നമ്പർ പ്ലേറ്റ് തെറ്റായി പ്രദർശിപ്പിച്ചത് (സെക്ഷൻ 192 r/w റൂൾ 51 CMV റൂൾസ് 1989), ഗതാഗത നിയമങ്ങളുടെ ലംഘനം (സെക്ഷൻ 179(1) MV ആക്ട്) എന്നിവയ്ക്കാണ് ചലാൻ നല്‍കിയതെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Similar Posts