< Back
India
ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാനായി ഉത്തര്‍പ്രദേശില്‍ പുതിയ നിയമം; ദുരുപയോഗം ചെയ്യുമെന്ന് വിമര്‍ശനം
India

ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാനായി ഉത്തര്‍പ്രദേശില്‍ പുതിയ നിയമം; ദുരുപയോഗം ചെയ്യുമെന്ന് വിമര്‍ശനം

Web Desk
|
10 July 2021 4:52 PM IST

ഒരുകുട്ടി മാത്രമുള്ളവര്‍ വന്ധ്യംകരണം ചെയ്യുകയാണെങ്കില്‍ കുട്ടിക്ക് ഇരുപതു വയസ്സുവരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. ഐ.ഐ.എം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് അഡ്മിനിഷന് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ ജാലിയില്‍ മുന്‍ഗണന നല്‍കുമെന്നും കരടില്‍ പറയുന്നു

ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാനായി ഉത്തര്‍പ്രദേശില്‍ പുതിയ നിയമം ഒരുങ്ങുന്നു. ലോക ജനസംഖ്യാ ദിനത്തിൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് നടത്തും. വിവിധ സമൂഹങ്ങളെ കേന്ദ്രീകരിച്ച് 2021 – 2030 കാലയളവിലാകും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുക. ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുകയും വിവിധ തലത്തിലുള്ള വികസനം സാദ്ധ്യമാക്കുകയുമാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ചില സമൂഹങ്ങൾക്ക് ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ദാരിദ്ര്യവും, നിരക്ഷരതയുമാണ് ജനസംഖ്യാ വർദ്ധനവിന് കാരണമാകുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോ സര്‍ക്കാര്‍ പദ്ധകളില്‍ നിന്നുള്ള സഹായമോ ലഭിക്കില്ലെന്ന് പുതിയ നിയമത്തിന്റെ ഡ്രാഫ്റ്റില്‍ പറയുന്നു. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനോ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ സാധിക്കില്ലെന്നും കരടില്‍ പറയുന്നു.



നിയമം പ്രാബല്യത്തിലായതിന് ശേഷം രണ്ട് കുട്ടികള്‍ക്ക് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രൊമോഷന്‍ ഉണ്ടാകില്ലെന്നും റേഷന്‍ കാര്‍ഡ് കുടുംബത്തിലെ നാലുപേര്‍ക്ക് മാത്രമായി ചുരുക്കുമെന്നും കരട് നിയമത്തില്‍ പറയുന്നു. ഗസറ്റില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിന് ശേഷം ബില്‍ പ്രാബല്യത്തില്‍ വരും. രണ്ട് വിവാഹം കഴിച്ചവരെ ഓരോ കുടുംബങ്ങളായി പരിഗണിക്കും.

സര്‍ക്കാര്‍ പദ്ധതിയെ പിന്തുണച്ച് വന്ധ്യംകരണം നടത്തുന്നവര്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങള്‍ നല്‍കുമെന്നും ബില്ലില്‍ പറയുന്നു. വീട് വാങ്ങുന്നതിനും വെക്കുന്നതിനും ലോണുകള്‍, കറന്റ്, വാട്ടര്‍ ബില്ലുകളില്‍ ഇളവ് എന്നിവയാണ് ആനുകൂല്യങ്ങളെന്നും കരടില്‍ പറയുന്നു. ഒരുകുട്ടി മാത്രമുള്ളവര്‍ വന്ധ്യംകരണം ചെയ്യുകയാണെങ്കില്‍ കുട്ടിക്ക് ഇരുപതു വയസ്സുവരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. ഐ.ഐ.എം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് അഡ്മിനിഷന് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ ജാലിയില്‍ മുന്‍ഗണന നല്‍കുമെന്നും കരടില്‍ പറയുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഒരുകുട്ടി മാത്രമുള്ള കുടുംങ്ങള്‍ വന്ധ്യംകരണം നടത്തുകയാണെങ്കില്‍, ആണ്‍കുട്ടിക്ക് 80,000 രൂപയും പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപയും നല്‍കുമെന്നും കരടില്‍ പറയുന്നു. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നിയമം തെറ്റിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നും ബില്ലിന്റെ കരടില്‍ പറയുന്നു.

ജൂലൈ 19ന് മുന്‍പായി ഉത്തര്‍പ്രദേശ് പോപ്പുലേഷന്‍ ബില്‍ 2021നെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കണമെന്ന് ഉത്തര്‍പ്രദേശ് ലോ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

Similar Posts