< Back
India
ഉത്തർപ്രദേശിൽ യു.പി ക്ലാസിൽ വിദ്യാർഥികൾക്ക് മുന്നിൽ മദ്യപിച്ച് അധ്യാപകൻ
India

ഉത്തർപ്രദേശിൽ യു.പി ക്ലാസിൽ വിദ്യാർഥികൾക്ക് മുന്നിൽ മദ്യപിച്ച് അധ്യാപകൻ

Web Desk
|
2 Oct 2022 8:39 PM IST

ആൺകുട്ടികളും പെൺകുട്ടികളുമടക്കം 10ലേറെ ചെറിയ വിദ്യാർഥികളാണ് ഇയാൾക്ക് മുന്നിലുള്ളത്.

ഉത്തർപ്രദേശിലെ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ മദ്യപിച്ച് അധ്യാപകൻ. ഹാഥ്റസിലെ ഒരു യു.പി സ്കൂളിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ക്ലാസിലിരിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കുടിച്ച ശേഷം ക്ലാസിലെ സ്റ്റൂളിന് താഴെയാണ് ഇയാൾ മദ്യക്കുപ്പി വച്ചിരിക്കുന്നത്. അധികൃതർ കൈയോടെ പിടിച്ചതോടെ തന്റെ കൈയിലുള്ള മറ്റൊരു മദ്യക്കുപ്പി പിറകിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

പെട്ടു എന്ന് മനസിലായതോടെ വീഡിയോ എടുക്കുന്നവരുമായി അധ്യാപകൻ തർക്കിക്കുന്നതും വീഡിയോയിലുണ്ട്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 10ലേറെ ചെറിയ വിദ്യാർഥികളാണ് ഇയാൾക്ക് മുന്നിലുള്ളത്. ഇതോടൊപ്പം മറ്റൊരു അധ്യാപികയും സമീപത്ത് ഇരിക്കുന്നുണ്ട്.

സംഭവത്തിൽ അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ രം​ഗത്തെത്തി. 'മദ്യപിച്ച് ലക്കുകെട്ട അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നു. ഹാഥ്റസിൽ നിന്നുള്ളതാണ് വീഡിയോ. കുട്ടികളുടെ ഭാവിയുടെ സൃഷ്ടാക്കൾ ആയ അധ്യാപകർ ഇത്തരമൊരു കാര്യം ചെയ്താൽ കുട്ടികളുടെ ഭാവി നന്നാവുമോ? ഈ അധ്യാപകനെതിരെ ഉടൻ നടപടിയെടുക്കുക'- അവർ യുപി പൊലീസിനോട് ആവശ്യപ്പെട്ടു. ട്വീറ്റിൽ യു.പി പൊലീസിനെ മലിവാൾ ടാ​ഗ് ചെയ്തിട്ടുണ്ട്.



Similar Posts