India
UP, Robbery,
India

'ഒന്ന് ഉറങ്ങിപ്പോയതാ സാറേ...'; മോഷണത്തിനിടെ ഉറങ്ങിപ്പോയി, രാവിലെ കണ്ണുതുറന്നപ്പോൾ ചുറ്റും പൊലീസ്

Web Desk
|
3 Jun 2024 9:56 AM IST

കള്ളൻ മദ്യലഹരിയിലായിരുന്നുവെന്നും ഇൻവേറ്റർ ബാറ്ററി ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ തളർന്ന് ഉറങ്ങിപ്പോകുകയായിരുന്നുവെന്നും പൊലീസ്

ലഖ്‌നൗ: മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പിടികൂടി പിടികൂടി പൊലീസ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഡോക്ടറുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. മദ്യ ലഹരിയിലായിരുന്ന കള്ളൻ മോഷണത്തിനിടെ തളർന്ന് ഉറങ്ങിപ്പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ ചുറ്റിലും പൊലീസുകാരെ കണ്ട് കള്ളൻ ഞെട്ടുകയായിരുന്നു.. ഇന്ദിരാ നഗറിലെ സെക്ടർ -20 ലാണ് സംഭവം നടന്നത്.

ഡോക്ടറായ സുനിൽ പാണ്ഡെയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ബൽറാംപൂർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡെ ഇപ്പോൾ വാരാണസിയിലാണ് താമസം. പൂട്ടിക്കിടന്ന വീട്ടിലാണ് കള്ളൻ കയറിയത്. രാവിലെ വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയ അയൽവാസികൾക്ക് സംശയം തോന്നുകയായിരുന്നു. വീടിന് ചുറ്റും സാധനങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടതോടെ വിവരം പൊലീസിൽ അറിയിച്ചു. ഗാസിപൂർ പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് കള്ളൻ ഉറങ്ങുന്നതായി കണ്ടത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കപിൽ എന്നയാളാണ് അറസ്റ്റിലായതെന്നും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെന്നും ഗാസിപൂർ എസ്എച്ച്ഒ വികാസ് റായ് പറഞ്ഞു.

മോഷണ ശ്രമത്തിനിടെ വീട്ടിലെ അലമാര തകർക്കുകയും സൂക്ഷിച്ചിരുന്ന പണമുൾപ്പെടെ എല്ലാം എടുക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് പുറമെ വാഷ്ബേസിൻ,ഗ്യാസ് സിലിണ്ടർ, വാട്ടർ പമ്പ് എന്നിവയും മോഷ്ടിക്കാൻ ശ്രമിച്ചു. കള്ളൻ മദ്യലഹരിയിലായിരുന്നുവെന്നും ഇൻവേറ്റർ ബാറ്ററി ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ തളർന്ന് ഉറങ്ങിപ്പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Related Tags :
Similar Posts