< Back
India
15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിലടച്ച് കിടന്നുറങ്ങി യുവതി, ദുഷ്ടശക്തികളുടെ പണിയാണെന്ന് കുടുംബം; അറിഞ്ഞിരിക്കണം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച്
India

15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിലടച്ച് കിടന്നുറങ്ങി യുവതി, 'ദുഷ്ടശക്തികളുടെ പണി'യാണെന്ന് കുടുംബം; അറിഞ്ഞിരിക്കണം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച്

Web Desk
|
10 Sept 2025 7:48 PM IST

കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ യുവതിയുടെ ആരോഗ്യം മോശമായിരുന്നു

മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിലെ കുർളയില്‍ യുവതി നവജാത ശിശുവിനെ വീട്ടിലെ ഫ്രിഡ്ജിനുള്ളിലടച്ച് കിടന്നുറങ്ങി. ക്രൂരയായ മാതാവാണെന്നും കുഞ്ഞിനെ മനപ്പൂര്‍വം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും കരുതിയെങ്കില്‍ തെറ്റി. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍റെ (പ്രസവാനന്തര വിഷാദം) ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് യുവതി കടന്നുപോയതെന്ന് ഡോക്ടര്‍മാര്‍ ഒടുവില്‍ കണ്ടെത്തി.

23 കാരിയാണ് തന്റെ 15 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ റഫ്രിജറേറ്ററിനുള്ളിലടച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ മുത്തശ്ശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സക്ക് ശേഷം കുഞ്ഞിന്‍റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ യുവതിയുടെ ആരോഗ്യം മോശമായിരുന്നു. ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് യുവതി കുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചതെന്നായിരുന്നു കുടുംബം വിശ്വസിച്ചിരുന്നത്. യുവതിയെ ദുഷ്ട ശക്തികളില്‍ നിന്ന് മോചിപ്പിക്കാനായി ആചാരങ്ങളും പരിഹാര ക്രിയകളും കുടുംബം നടത്തി. എന്നാല്‍ അതെല്ലാം വെറുതായി.

തുടര്‍ന്നാണ് അവളെ സൈക്യാട്രി ആൻഡ് ഡീ-അഡിക്ഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്നത്. സൈക്യാട്രിസ്റ്റായ ഡോ. കാർത്തികേയ ഗുപ്തയാണ് യുവതിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുണ്ടെന്ന് കണ്ടെത്തുന്നത്. യുവതിക്ക് ഇപ്പോൾ കൗൺസിലിംഗും ചികിത്സയും നല്‍കിവരികയാണ്.

എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍?

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം എന്നാല്‍ പ്രസവശേഷം അമ്മയെ ബാധിക്കുന്ന ഗുരുതരമായ വിഷാദാവസ്ഥയാണ്.കുഞ്ഞ് ജനിച്ചതിന് ശേഷം പലര്‍ക്കും നേരിയ വിഷാദം അനുഭവപ്പെടാറുണ്ട്. ഇത് "ബേബി ബ്ലൂസ്" എന്നറിയപ്പെടുന്നു.ഈ അവസ്ഥ കുറച്ച് ദിവസം മാത്രമേ നിലനിൽക്കൂ.പ്രസവനം കഴിഞ്ഞ് മൂന്ന് മുതല്‍ 10 ദിവസം വരെ മാത്രമേ ഇത് കാണാറൊള്ളൂ. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തവും ഗുരുതരവുമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഗുരുതരമായ മാനസികാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഇത് വേഗത്തിൽ വഷളാകുകയും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ വരെ അപകടത്തിലാക്കുകയും ചെയ്യും.പ്രസവശേഷം സ്ത്രീകൾ അവഗണിക്കപ്പെടുകയും മതിയായ വൈകാരിക പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രസവാനന്തര വിഷാദവും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഉറക്കക്കുറവ്,വിശപ്പില്ലായ്മ,സങ്കടം,നിരാശ,ദേഷ്യം തുടങ്ങിയവയെല്ലാം ഇതന്റെ ലക്ഷണമാണ്. നവജാത ശിശുവിന്റെ കാര്യങ്ങളിൽ അകാരണമായ ഉത്കണ്ഠയും ഇത്തരക്കാർക്കുണ്ടാകും. കൃത്യമായ കൗൺസലിങ്,സൈക്കോ തെറാപ്പി,ഭർത്താവിന്റെയും വീട്ടുകാരുടെയും പിന്തുണ തുടങ്ങിയവയെല്ലാം അമ്മമാരെ ഈ അവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കും.

Similar Posts