< Back
India
കവർച്ചക്കാരെ നേരിടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവ് ​ഗുരുതരാവസ്ഥയിൽ
India

കവർച്ചക്കാരെ നേരിടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

Web Desk
|
15 May 2024 3:58 PM IST

ഇരുവരും ഒച്ചവച്ചതോടെ മോഷ്ടാക്കൾ തോക്കെടുത്ത് അടിക്കുകയും യുവതി നിലവിളിച്ചതോടെ വെടിയുതിർക്കുകയുമായിരുന്നു.

ലഖ്നൗ: ഭർത്താവിനൊപ്പം യാത്ര ചെയ്യവെ കവർച്ചാശ്രമം തടയുന്നതിനിടെ യുവതി മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. യു.പി ബറേലിയിലെ ഷാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുങ്കയ്ക്ക് സമീപമാണ് സംഭവം. ബിർപൂർ ബകേനിയ സ്വദേശിയായ ഹേമലതയാണ് മരിച്ചത്.

യുവാവും ഭാര്യയും ഭാര്യാസഹോദരൻ്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെയാണ് ചില അജ്ഞാതർ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിർപൂർ ബകേനിയ നിവാസിയായ രാജ്കുമാറും ഭാര്യ ഹേമലതയും ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഷിഷ്ഗഡിൽ നിന്ന് ബൈക്കിൽ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.

ബിർപൂർ ബകേനിയയിലെ ദുങ്കയിലെത്തിയപ്പോൾ നാല് പേർ ഇവരുടെ വണ്ടി തടഞ്ഞ് കവർച്ച നടത്താൻ ശ്രമിക്കുകയുമായിരുന്നു. ഇരുവരും ഒച്ചവച്ചതോടെ മോഷ്ടാക്കൾ തോക്കെടുത്ത് അടിക്കുകയും ഹേമലത നിലവിളിച്ചതോടെ വെടിയുതിർക്കുകയുമായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ യുവതി മരിച്ചു- ബറേലി എസ്എസ്പി സുശീൽ ഗുലെ പറഞ്ഞു.

ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഭാര്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. അജ്ഞാതരായ പ്രതികൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്എസ്പി കൂട്ടിച്ചേർത്തു.

സംഭവം അറിഞ്ഞെത്തിയ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടുകയും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. ശനിയാഴ്ച, ബറേലിയിലെ ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രണ്ട് യുവാക്കൾ ബലാത്സംഗം ചെയ്തിരുന്നു.

Similar Posts