< Back
India
യു.പി യിൽ മൂന്നാംഘട്ട വോട്ടെടുപ്പിന്  ഇനി രണ്ടുനാള്‍ ; സ്ഥാനാർഥികളിൽ 245 കോടിപതികൾ
India

യു.പി യിൽ മൂന്നാംഘട്ട വോട്ടെടുപ്പിന് ഇനി രണ്ടുനാള്‍ ; സ്ഥാനാർഥികളിൽ 245 കോടിപതികൾ

Web Desk
|
18 Feb 2022 7:04 AM IST

16 ജില്ലകളിലായി 59 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

ഉത്തർ പ്രദേശില്‍ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും.16 ജില്ലകളിലായി 59 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഹാത്രസ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ്.

രണ്ട് കോടി പതിനഞ്ച് ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന മൂന്നാം ഘട്ടത്തിന്‍റെ കലാശക്കൊട്ടാണ് ഇന്ന് നടക്കുന്നത്. കനൗജ് ,ഔരിയ ,കാൺപൂർ ,ജാൻസി ,മെയ്ൻപുരി ജില്ലകളിൽ അടക്കം വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ്. ഇരുപതാം തീയതിയാണ് വോട്ടെടുപ്പ്. കർഷകർക്കും ജാട്ട് സമുദായത്തിനും മേൽകൈയുള്ള പ്രദേശത്ത് നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പിൽ പല മണ്ഡലങ്ങളിലും പോളിംഗ് വർധിച്ചത് ബിജെപിയിലെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വിഭജനത്തിന്‍റെ രാഷ്ട്രീയം അംഗീകരിക്കില്ലെന്നും റൊട്ടിയുടെ രാഷ്ട്രീയമാണ് ഇത്തവണ ചർച്ച ചെയ്യുന്നതെന്നും സമാജ്‍വാദി പാര്‍ട്ടി നേതാക്കൾ പറയുന്നു.

623 സ്ഥാനാര്‍ഥികളാണ്‌ മൂന്നാം ഘട്ടത്തിൽ അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുന്നത്. ഇവരിൽ 245 പേർ കോടിപതികളാണ്. നാമനിർദേശ പത്രികയോടൊപ്പം സ്വത്ത് വിവരത്തിന്റെ സത്യവാങ്മൂലം സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്, കഴിഞ്ഞ രണ്ട് ഘട്ടത്തിലും ആർ.എൽ.ഡി.യുടെ സഹായത്തോടെയാണ് സമാജ്വാദി പാർട്ടി രംഗത്തിറങ്ങിയിരുന്നെങ്കിൽ മൂന്നാം ഘട്ടം എത്തുമ്പോൾ എസ് പിയും ബിജെപിയും യും നേർക്ക് നേർ പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്

Similar Posts